1
October
Sunday
11:23 PM

13o

LIGHT RAIN
STORY

സഖാവിന്റെ പ്രണയിനി

സിമി അനീഷ് അഭി


പ്രണയത്തെപ്പറ്റി പലരും പലതും പറഞ്ഞിട്ടുണ്ട്.. സിനിമകളില്‍ കണ്ടിട്ടുമുണ്ട്.. എന്നാല്‍ ഇന്നുവരെ പ്രണയിച്ചിട്ടില്ലാത്തതിനാലോ അതോ പ്രണയദേവത എന്നെ മനസറിഞ്ഞ് അനുഗ്രഹിക്കാത്തതുകൊണ്ടോ എന്താണ് പ്രണയം എന്നറിയാനൊരു ആകാംഷയായിരുന്നു. എങ്ങനെയാണു പ്രണയമുണ്ടാകുന്നത് എന്ന എന്റെ ചോദ്യത്തിന് ലഭിച്ച മറുപടികളിലൊന്നിലും ഞാന്‍ തൃപ്തയായിരുന്നില്ല.

ഒരാണിനെ കാണുമ്പോള്‍ ഇടനെഞ്ച് പിടയും വലംകണ്ണ് തുടിക്കും അടിവയറ്റില്‍ മഞ്ഞ് പെയ്യുന്ന പ്രതീതി എന്നൊക്കെ എല്ലാവരും പറഞ്ഞപ്പോഴും എന്റെ സംശയമേറിയതേയുള്ളൂ.

'പ്രണയിക്കുന്നതിന്റെ സുഖമൊന്നറിയണമെങ്കില്‍ എന്റെ മോളൊന്ന് പ്രണയിച്ച് നോക്കണമെന്ന് 'കൂട്ടുകാരികള്‍ പരിഹസിച്ചപ്പോള്‍ എന്തുകൊണ്ടോ എന്നിലൊരു നാണം ഒളിമിന്നി.

എന്നെ പ്രണയിക്കാനും എനിക്ക് പ്രണയിക്കാനുമായി സര്‍വേശ്വരന്‍ വിധിച്ചിട്ടുള്ള പുരുഷനെ തേടിയായിരുന്നു എന്റെ കാത്തിരിപ്പ്. എന്നോടിഷ്ടമാണെന്ന് പറഞ്ഞ ആരിലും എനിക്കെന്റെ പ്രണയം കണ്ടെത്താനായില്ല. ഞാന്‍ തിരഞ്ഞ മിഴികളിലൊന്നും എനിക്കായി കരുതിവച്ച സ്‌നേഹം ദര്‍ശിക്കാനുമായില്ല.

ഒരുനാള്‍ കോളേജിന്റെ ഇടനാഴിയില്‍വച്ച് മുണ്ട് മാടിക്കുത്തി കൈയിലെ ചെങ്കൊടിയേന്തിയ ഒരുവനില്‍ ഞാന്‍ കണ്ടു ഏതൊരു പെണ്ണും കൊതിച്ചുപോകുന്ന തീഷ്ണമായ ഭാവം.രാഷ്ട്രീയം ഇഷ്ടമില്ലാതിരുന്നതുകൊണ്ട് അവനിലേക്കെന്റെ മിഴികള്‍ പായരുതെന്ന് ആഗ്രഹിച്ചുവെങ്കിലും അവ അനുസരണക്കേട് കാട്ടികൊണ്ടേയിരുന്നു. പിന്നീടവനിലേക്കായി എന്റെ ശ്രദ്ധ. വാകമരചുവട്ടിലെ പാര്‍ട്ടി മീറ്റിങ്ങുകളിലെ അവന്റെ ഉജ്വലമായ പ്രസംഗത്തില്‍ നല്ലൊരു നേതാവിന്റെ വീര്യമുണ്ടായിരുന്നു. തീപ്പൊരി ചിതറുന്ന ആ പ്രസംഗം ശ്രവിക്കുമ്പോള്‍ രോമകൂപങ്ങള്‍ വരെ അഭിമാനം കൊണ്ട് തലയുയര്‍ത്തി നില്‍ക്കും. കൂട്ടുകാര്‍ക്ക് വേണ്ടി എന്തിനും തയ്യാറായ അവന്റെ ധൈര്യത്തില്‍ ഏതൊരു പെണ്ണും സുരക്ഷിതയായിരിക്കുമെന്ന് വ്യക്തമായി.

ആര്‍ത്തിരമ്പിയെത്തിയ കര്‍ക്കിടകമഴ തീരെ അപ്രതീക്ഷിതമായി ഉറഞ്ഞുതുള്ളി പെയ്തപ്പോള്‍ നനഞ്ഞൊട്ടിയ ശരീരവടിവുകളില്‍ ആര്‍ത്തിയോടെ ചിലരുടെ കാമം മുറ്റിയ കണ്ണുകള്‍ പതിഞ്ഞപ്പോള്‍ സ്വന്തം മഴക്കോട്ടെടുത്ത് എന്റെ നേരെ നീട്ടുമ്പോള്‍ ആ മിഴികളില്‍ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന കരുതല്‍ തിരയിളകുകയായിരുന്നു. ബസ്‌സ്‌റ്റോപ്പില്‍ വച്ച് ഒരുവനെന്റെ കൈത്തണ്ടയില്‍ പിടിമുറുക്കിയപ്പോള്‍ കണ്ണുനീര്‍ തുള്ളികള്‍ ഇറ്റുവീഴുന്നതിന് മുന്‍പായി തന്നെ പടക്കം പൊട്ടുംപോലെ അവന്റെ കവിളടക്കം അടി വീണിരുന്നു.

'അന്യപുരുഷന്‍ കൈക്കുപിടിക്കുമ്പോള്‍ നിസ്സഹായയായി തേങ്ങുകയല്ല പകരം മറ്റേ കൈകൊണ്ട് അവന്റെ ചെകിടടിച്ച് പൊട്ടിക്കുന്നവളാകണം പെണ്ണ് ' അവനത് പറയുമ്പോള്‍ ആ മിഴികള്‍ അഗ്‌നിപോലെ ജ്വലിക്കുകയായിരുന്നു.

പലപ്പോഴും ആ കടക്കണ്ണുകള്‍ കൊണ്ടുള്ള നോട്ടം എന്നെത്തേടിയെത്തുന്നത് ഞാന്‍ കണ്ടു.എന്ത് വിളിക്കണമെന്നുഴറിയ നേരം എന്റെ മനസ്സില്‍ തെളിഞ്ഞു ആ പേര് ''സഖാവ്''. ചോരചുവപ്പു നിറത്തിലെ പൂക്കള്‍ നിറഞ്ഞ ആ വാകമരമാണെന്റെ സഖാവിന്റെ പ്രിയസ്ഥലമെന്ന് ഞാനറിഞ്ഞു. അന്നുവരെ രാഷ്ട്രീയത്തിനിടമില്ലാതിരുന്ന എന്നില്‍ ചെങ്കൊടി പാറിപ്പറന്നു. മനസ്സില്‍ അധരങ്ങളില്‍ എപ്പോഴും പുഞ്ചിരി മൊട്ടിട്ടുനില്‍ക്കുന്ന ചോരത്തിളപ്പുള്ള സഖാവ് നിറഞ്ഞുനിന്നു.

കോളേജില്‍ നടന്ന സമരത്തില്‍ എതിര്‍ പാര്‍ട്ടിക്കാരുമായി അടികൂടുമ്പോള്‍ പിടച്ചത് എന്റെ ഹൃദയവും.. നിറഞ്ഞു തൂവിയത് എന്റെ മിഴികളുമായിരുന്നു. ഒടുവില്‍ നിയന്ത്രണം വിട്ട് ഓടിച്ചെന്ന് സഖാവിന്റെ മാറിലേക്ക് വീണ് കരഞ്ഞപ്പോള്‍ ഞാന്‍ പറയാതെ പറഞ്ഞ പ്രണയത്തിനൊപ്പം കോളേജും കൂട്ടുകാരുമെല്ലാം അതിന് സാക്ഷിയാകുകയായിരുന്നു. സ്തംഭിച്ചുനിന്ന ഏവരെയും മാറി മാറി നോക്കി ചെറുപുഞ്ചിരിയോടെ സഖാവെന്നെ ചേര്‍ത്തുപിടിച്ചപ്പോള്‍ ആ ഹൃദയമിടിപ്പുകള്‍ ഞാന്‍ തൊട്ടറിഞ്ഞു.

അന്ന് ഞാന്‍ മനസ്സിലാക്കി ഇതാണ് പ്രണയം. കേവലം ഫോണ്‍ വിളികളോ ഗ്രീറ്റിങ്‌സ് കൈമാറുകയോ ഒന്നുമല്ല വേണ്ടത് പെണ്‍കുട്ടിയുടെ മനസ്സിന് കരുത്തേകുന്നവനെ പെണ്ണിന്റെ ശരീരം

മറ്റൊരാള്‍ക്ക് മുന്നിലും കാഴ്ചവസ്തുവാക്കാതെ അവളുടെ മാനം സംരക്ഷിക്കുന്നവനെയാണ് പ്രണയിക്കേണ്ടത്. അവനാണ് യഥാര്‍ത്ഥ പുരുഷന്‍.

പിന്നീടങ്ങോട്ട് ഞാന്‍ സഖാവിന്റെ പ്രണയിനിയാകുകയായിരുന്നു. വാകമരച്ചുവട്ടിലെ സഖാവിന്റെ പ്രിയസ്ഥലത്ത് ഇടംവശം ചേര്‍ന്ന് പിന്നീടങ്ങോട്ട് ഞാനുമുണ്ടായിരുന്നു. അവിടുന്ന് ഞാനറിയുകയായിരുന്നു പ്രണയത്തിന്റെ ഗന്ധം. എന്റെ ഹൃദയത്തുടിപ്പായി.. എന്റെ ഞരമ്പുകളിലൊഴുകുന്ന രക്തമായി സഖാവ് മാറി.

'എന്റെ പെണ്ണാ നീ.. കണ്ണടയുംവരെ ചങ്കിലെ അവസാനശ്വാസം വരെ നീ മാത്രമേ എന്റെ ജീവിതത്തിലുള്ളൂ ' ഉറച്ച സ്വരത്തില്‍ സഖാവത് പറയുമ്പോള്‍ അത് മതിയായിരുന്നു എനിക്ക്.. അല്ല ഏതൊരു പെണ്ണിനും മനസ്സ് നിറയാന്‍.

പഠിത്തം കഴിഞ്ഞ് ജോലി നേടി തലയെടുപ്പോടെ സഖാവെന്റെ വീട്ടില്‍ വന്നു.പെണ്ണ് ചോദിച്ചപ്പോള്‍ പുച്ഛിച്ച അച്ഛനോടായി 

'എന്റെ പെണ്ണാ ഇവള്‍.. ഞാന്‍ സ്‌നേഹിക്കുന്നവള്‍. ജീവനുള്ള കാലത്തോളം ഇവളുടെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ വീഴാതെ സംരക്ഷിക്കും ഞാന്‍. സമ്മതമാണെങ്കില്‍ തരണം എനിക്കിവളെ. വീട്ടുകാരെ വെറുപ്പിച്ച് വിളിച്ചിറക്കിക്കൊണ്ട് പോകാന്‍ മാത്രം സ്വാര്‍ഥനല്ല ഞാന്‍. പൂര്‍ണ്ണസന്തോഷത്തോടെ അനുഗ്രഹിച്ച് ഞങ്ങളെ ഒരുമിപ്പിക്കണം. ' സഖാവിത് പറയുമ്പോള്‍ അച്ഛന്‍ പറഞ്ഞു 'നീയാണ് ആണ്‍കുട്ടി.. എന്റെ മരുമകനല്ല മോനാ നീ..ഇനിമുതല്‍. സ്‌നേഹിച്ച പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ട് പോയി രക്ഷകര്‍ത്താക്കളുടെ മനസ്സ് വേദനിപ്പിക്കാതെ അന്തസ്സായി പെണ്ണ് ചോദിച്ച നിന്റെ മനസ്സാണ് വലുത് അതാണ് രക്ഷകര്‍ത്താക്കള്‍ മനസ്സിലാക്കേണ്ടതും '

സഖാവ് വാക്കുപാലിച്ചു. ഇന്ന് ഞാന്‍ സഖാവിന്റെ നല്ലപാതിയാണ്. രണ്ടു കുട്ടി സഖാക്കന്മാരുടെ അമ്മയാണ്. ഇപ്പോഴും ഞങ്ങള്‍ പോകാറുണ്ട് എന്നെയും സഖാവിനെയും കൂട്ടിച്ചേര്‍ക്കുന്നതിനായി സര്‍വേശ്വരന്‍ വിധിച്ച ആ കോളേജില്‍.

കോളേജ് ഇടനാഴിയിലൂടെ വാകമരചുവട്ടിലേക്ക് ഞങ്ങള്‍ പോകുകയാണ് ജീവിതകാലം മുഴുവന്‍ പ്രണയിച്ചുകൊണ്ട്.... സഖാവിന്റെ പ്രണയിനിയായി.... മനസ്സ് മീഡിയ