2
October
Monday
01:04 AM

13o

LIGHT RAIN
STORY

മനസ്സിലെന്നും നീ മാത്രം

Ancy Antu


ശൂന്യമായ നീലാകാശം നോക്കി ആ സായാഹ്നത്തില്‍ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുകയായിരുന്നു അയാള്‍. ചിലപ്പോള്‍ ശൂന്യവും ചിലപ്പോള്‍ അഴിച്ചു വിട്ട ഒരുകൂട്ടം ചെമ്മരിയാടുകളെപ്പോലെ ഒഴുകുന്ന മേഘങ്ങളാല്‍ നിറഞ്ഞ ആകാശത്തെപ്പോലെയായിരുന്നു അയാളുടെ മനസ്സ്. അയാള്‍ അയാളെപറ്റിത്തന്നെയുള്ള ചിന്തകളില്‍ മുഴുകുകയായിരുന്നു. അയാള്‍ എന്നും തനിച്ചായിരുന്നു. പുലരിയുടെ പൊന്‍കിരണവുമായി ഓടിക്കിതച്ചെത്തുന്ന പകല്‍. അത് കഴിഞ്ഞ് ആരെയോ കാണാനെന്ന പോലെ ഒരു കള്ളചിരിയുമായി വരുന്ന സായാഹ്നം എല്ലാ ജീവജാലങ്ങളേയും തഴുകിയുറക്കാന്‍ വെമ്പല്‍  പൂണ്ട് ഓടിയെത്തുന്ന രാത്രികള്‍ ഇവയെല്ലാം അയാളുടെ ഏകാന്തതയിലെ കൂട്ടുകാരായിരുന്നു. അതില്‍ അയാള്‍ ആനന്ദം കൊണ്ടു.

അയാള്‍ക്ക് എല്ലാവരും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം എന്നോ അന്യമായി. അതില്‍ അയാള്‍ക്ക് പരിഭവങ്ങളില്ല, പരാതിയും. എല്ലാം വിധിയുടെ പുറത്ത് ചാരാന്‍ അയാള്‍ ആഗ്രഹിച്ചില്ല. ജീവിതയാത്രയിലെ സുഖവും ദുഃഖവും സസന്തോഷം ഇരുകൈയും നീട്ടി അയാള്‍ സ്വാഗതം ചെയ്തു. ഇന്ന് അയാള്‍ പേരെടുത്ത ഒരു ഫോട്ടോഗ്രാഫറാണ്. അയാള്‍ അത് സ്വന്തം അദ്ധ്വാനം കൊണ്ട് നേടിയതാണ്. സ്വന്തം നേട്ടത്തില്‍ അയാള്‍ അഭിമാനം കൊണ്ടു.

ഇന്ന് അയാള്‍ അല്‍പ്പം അസ്വസ്ഥനാണ്. അതുകൊണ്ടാവാം ഏറെ നേരമായിട്ടും അയാള്‍ ആ കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടി കാണിക്കുന്നത്. ഭൂതകാലം ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് അയാള്‍. നാട്ടില്‍നിന്ന് പോന്നിട്ട് തന്നെ വര്‍ഷങ്ങളായി. അതില്‍പിന്നെ നാടിനെപ്പറ്റി ചിന്തിച്ചിട്ടില്ല. അതിനുള്ള സമയവും ഇല്ലായിരുന്നു. തിരക്കേറിയ അയാളുടെ ജോലികള്‍ക്കിടയില്‍ ജീവിതതാളുകളും ഒന്നൊന്നായി മറിയുകയായിരുന്നു. ഒരു തിരിച്ചുപോക്കിനെക്കുറിച്ച് ഇതിനിടയല്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അയാള്‍ എന്തുകൊണ്ടോ ജനിച്ചു വീണ നാടിനെക്കുറിച്ചോര്‍ത്തു. അവിടെ താന്‍ ഓടിക്കളിച്ചിട്ടുള്ള പറമ്പുകള്‍, വെറുതെ നടന്നുതീര്‍ത്ത പാടവരമ്പുകള്‍, എന്നും രണ്ടുനേരം കൂട്ടുകാരോടൊന്നിച്ച് നീന്തിക്കളിക്കാറുണ്ടായിരുന്ന കൊച്ചരുവി. കളികള്‍ക്കിടയില്‍ പരസ്പരം തല്ലിട്ടും പങ്കുവച്ചും തിന്നിട്ടുള്ള നാട്ടുപഴങ്ങള്‍..... എല്ലാം ഒന്നൊന്നായി  അയാളുടെ മനസ്സിലൂടെ കടന്നുപോയി. എല്ലാം പഴയ കാലത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകളായെങ്കിലും അല്‍പ്പനേരത്തെക്കെങ്കിലും അയാള്‍ വള്ളി നിക്കറും ബനിയനുമിട്ട ആ പഴയ കുട്ടിയായി. എല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ല. കുട്ടിക്കാലം പിന്നിട്ട് യൗവനത്തിലെത്തുമ്പോഴേയ്ക്കും ബാല്യത്തിന്റെ നിഷ്‌കളങ്കതകള്‍ കൈവിട്ടുപോയിരുന്നു. പിന്നെ ദൂരേയ്ക്ക് ആരും അറിയാതെ വണ്ടികയറി. അതിനുശേഷം ഇപ്പോഴാണ് അയാള്‍ പിന്നോട്ട് തിരിഞ്ഞത്.

ഇപ്പോള്‍ അവിടെ തന്നെ അറിയുന്നവര്‍ ആരുമുണ്ടാവില്ല. തന്റെ ബന്ധുക്കള്‍പോലും തിരിച്ചറിയില്ല. എന്നാലും അയാള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. രാത്രിയില്‍ അയാളുടെ സ്വന്തം നാട്ടില്‍ എത്തുമ്പോള്‍ നിലാവ് മാത്രം അയാള്‍ക്കുവേണ്ടി കാത്തിരുന്നു. ലാസ്റ്റ് ബസ് അകന്നുപോകുന്നതും നോക്കി അല്‍പനേരം അയാള്‍ നിന്നു. പിന്നെ നിലാവെളിച്ചത്തില്‍ പതുക്കെ നടന്നു. താന്‍ പോകുമ്പോള്‍ ആ റോഡ് അവിടെയുണ്ടായിരുന്നോ? അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല. താന്‍ വേറേതോ  നാട്ടില്‍ എത്തിപ്പെട്ടതായി അയാള്‍ക്കുതോന്നി. ഇതാണോ തന്റെ സ്വപ്നഗ്രാമം. എത്രമാറിയിരിക്കുന്നു.  താനിന്ന് ഈ നാടിന്റെ വിരുന്നുകാരനാണ്. അയാള്‍ ഒരു സഞ്ചാരിയുടെ കൗതുകത്തോടെ നടന്നു. ഏതെങ്കിലും ഒരു ആല്‍മരം ലക്ഷ്യമാക്കി പതുക്കെ നടന്നു. കുറേ ദൂരം മുന്നോട്ട് പോയപ്പോള്‍ ഒരാല്‍മരം കണ്ടെത്തി.

കാലചക്രം തിരിയുന്നതിനിടെ ആല്‍മരത്തിനും പ്രായമായി. നേരിയ ഇളംകാറ്റില്‍ ആല്‍മരം അയാള്‍ക്ക് സ്വാഗതമോതി. ഒരു വിഷാദം നിറഞ്ഞ ചിരി അയാള്‍ ആ ആല്‍മരത്തിന് സമ്മാനിച്ചു. പിന്നെയും ആല്‍മരത്തിന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. അയാള്‍ക്ക് ചോദിക്കണമെന്നും. തന്റെ ഗ്രാമത്തെപ്പറ്റി, അരുവിയെപ്പറ്റി അങ്ങനെ പലതും, പക്ഷെ എന്തു കൊണ്ടോ അയാള്‍ മൗനം പാലിച്ചു. വരേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നി. ഓരോന്ന് ചിന്തിച്ച് അയാള്‍ മയങ്ങിപ്പോയി. 

അതുവഴിയേ വന്ന കാക്കക്കൂട്ടങ്ങളുടെ കലപില ശബ്ദം കേട്ടാണ് അയാള്‍ കണ്ണ് തുറന്നത്. തലേ ദിവസം തനിക്ക് അഭയം നല്‍കിയ ആ ആല്‍മരത്തിന് നന്ദി പറഞ്ഞ് അയാള്‍ എഴുന്നേറ്റു നടന്നു. അയാളെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഒരപരിചിതനെ നോക്കുന്ന കൗതുകത്തോടെ നോക്കുന്നത് അയാള്‍ കണ്ടില്ലെന്നു നടിച്ചു. അവര്‍ക്കറിയില്ലല്ലോ താനും ഈ നാടിന്റെ പുത്രനാണെന്ന്. ആര്‍ക്കും മുഖം കൊടുക്കാതെ അയാള്‍ പതിയെ നടന്നു. കുറച്ച് നടന്നപ്പോള്‍ അയാള്‍ അരുവിയുടെ അടുത്തെത്തി. ചുറ്റും മലീമസമായ പരിസരം. അയാള്‍ക്ക് വെറുപ്പും നിരാശയും ദേഷ്യവും തോന്നി. കുട്ടിക്കാലത്ത് നീന്തിതുടിച്ചിരുന്ന അരുവി ഇപ്പോള്‍ മുഖം കഴുകാന്‍ പോലും ആകാത്തവിധം മലിനമായിരിക്കുന്നു. വേദനാജനകമായ ഒരു നോട്ടം അതിന് സമ്മാനിച്ചു കൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു. ആരെയും കാണണമെന്ന് തോന്നിയില്ല. എത്രയും പെട്ടെന്ന് ഈ നാട്ടില്‍ നിന്ന് പോകാന്‍ അയാള്‍ വെമ്പല്‍ കൊണ്ടു.

ഒരന്യനെപ്പോലെ അയാള്‍ ബസ് കാത്തു നിന്നു. ഗതകാലസ്മരണകള്‍ മനസ്സിന്റെ ഓര്‍മ്മചെപ്പിലേക്ക് ഉതിര്‍ന്ന് വീണപ്പോഴേയ്ക്കും ബസ് അടുത്തു വന്നു നിന്നു. അയാള്‍ ഒരിക്കല്‍ക്കൂടി തന്റേതായിരുന്ന ആ ഗ്രാമത്തെ നോക്കി. യാത്രയയക്കാന്‍ ആദ്യയാത്രയിലും ആരുമുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. ഇനി ഉണ്ടാവുകയുമില്ല. ബസ്സിനേക്കാള്‍ മുമ്പേ മനസ്സ് ഓടികൊണ്ടിരുന്നു. ദൂരേയ്ക്ക് ...... മനസ്സ് മീഡിയ