1
October
Sunday
11:58 PM

13o

LIGHT RAIN
STORY

ഒരു തെരുവുകാഴ്ചയും ചിന്തകളും

Ancy Antu


ഒരു ഒഴിവുദിനം....

എനിയ്ക്ക് മാത്രം സ്വന്തമായ ഏകാന്തതയില്‍, നഷ്ടബോധത്തിന്റേയും ആശങ്കകളുടേയും ശൂന്യതകളുടേയും ലോകത്ത് തീരാത്ത വ്യഥയോടെ ഇരിയ്ക്കുകയായിരുന്നു. മനസില്‍ അത്ര സുഖകരമല്ലാത്ത ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍ നടക്കുകയാണ്. ഓരോ ചിന്തകളും ഓരോ കൂറ്റന്‍ തിരമാലകളായി എന്നില്‍ ആഞ്ഞുപതിച്ചുകൊണ്ടിരുന്നു. കടലിന്റെ പ്രശാന്തതയ്ക്കായി കാത്തിരിക്കുന്ന മുക്കുവനേപ്പോലെ അസ്വസ്ഥതകളില്‍ നിന്ന് മോചനം തേടാനുള്ള വിഫലശ്രമം നടത്തവേയാണ് ഞാനാ ശബ്ദം കേട്ടത്.

ചിന്തകളുടെ ചരട് മുറിച്ച ആ ശബ്ദത്തിന്റെ ഉറവിടം തേടി ഒരു അലസഭാവത്തോടെ ഞാന്‍ പുറത്തേക്ക് നടന്നു. ഒരുപാട് വാഹനങ്ങള്‍ കടന്നുപോകുന്ന, ആള്‍തിരക്കേറിയ ജംഗ്ഷനിലാണ് എന്റെ യാത്ര അവസാനിച്ചത്. ജനങ്ങള്‍ നിറഞ്ഞൊഴുകിയിരുന്ന ആ വഴിത്താരയില്‍, ഒരു അച്ഛനും, അമ്മയും അവരുടെ രണ്ട് കുട്ടികളും, അരവയര്‍ നിറയ്ക്കുന്നതിനുവേണ്ടി കഠിനശ്രമം നടത്തുകയാണ്. ജീവിതം ജീവിച്ചു 

തീര്‍ക്കാനുള്ള ഓരോ അഭ്യാസങ്ങള്‍. നരകയറി തുടങ്ങിയ താടിയും, തടിച്ച് കുറുകിയ ശരീര പ്രകൃതവുമുള്ള ഒരു മനുഷ്യന്‍. ജീവിതത്തിന്റെ സിംഹഭാഗവും സ്വയം വേദനിച്ച് കഴിയാനാണ് വിധി എന്നു തോന്നും അയാളുടെ മുഖഭാവം കണ്ടാല്‍. അയാളുടെ കയ്യില്‍ കയറുകള്‍ ഒന്നൊന്നായി ഇഴചേര്‍ത്ത് വരിഞ്ഞ് ചുറ്റിയ നല്ല നീളമുള്ള ഒരു ചാട്ടയുണ്ട്. ആ ചാട്ടകൊണ്ട് അയാള്‍ സ്വന്തം ശരീരത്തില്‍ അടിച്ച് ശബ്ദമുണ്ടാക്കുന്നു. വിധിയ്ക്ക് നേരെയുള്ള പോരാട്ടമാണോ അതെന്ന് ഒരു നിമിഷം തോന്നിപ്പോയി. അടിയുടെ വേദന ശരീരം അറിയുന്നില്ലെന്ന് തോന്നും മുഖഭാവം കണ്ടാല്‍. എന്നാല്‍ മുഖത്ത് ഒരു സ്ഥായിഭാവം നിലനില്‍ക്കുന്നുണ്ട്. നിസ്സഹായതയാണോ... അതോ തങ്ങള്‍ക്ക് കിട്ടാന്‍പോകുന്ന നാണയ തുട്ടുകളുടെ വ്യര്‍ത്ഥമായ പ്രതീക്ഷയാണോ എന്ന് വേര്‍തിരിച്ചറിയാന്‍ എനിക്കായില്ല. പക്ഷെ അയാള്‍ തന്റെ കൃത്യനിര്‍വ്വഹണത്തില്‍ സംതൃപ്തനായിരുന്നു. 

ഒരുപാട് നാളത്തെ പ്രഹരങ്ങള്‍ കാലം അയാളുടെ ശരീരത്തില്‍ പാടുകള്‍ വീഴ്ത്തിയിരിക്കുന്നു. ആ പാടുകള്‍ സ്ഥിരമായപ്പോഴേയ്ക്കും ആ മനസ്സും പാകത നേടിയിട്ടുണ്ടാകണം. കാലില്‍ അണിഞ്ഞിരിക്കുന്ന ചിലങ്കകളും അയാളുടെ സന്തത സഹചാരിയായിട്ടും വര്‍ഷങ്ങള്‍ ആയിട്ടുണ്ടാകാം. ചെണ്ട എന്ന് തോന്നും വിധമുള്ള വളരെ പഴക്കമുള്ള ഒരു ഉപകരണമാണ് അയാളുടെ ഭാര്യ കൊട്ടിക്കൊണ്ടിരിക്കുന്നത്.

ഗര്‍ഭിണിയായ ആ സ്ത്രീ, തന്റെ അവശതകള്‍ മറന്ന്, തന്റെ രണ്ട് കുട്ടികള്‍ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും ഭര്‍ത്താവിനും വേണ്ടി ഒരു നേരത്തെ ആഹാരത്തിനായി, ചെണ്ടകൊട്ടിയും അഭ്യാസത്തിനുള്ള സാധനങ്ങള്‍ ചുമന്നും കുടുംബത്തോടൊപ്പം നാടുചുറ്റുന്നു. ഒരു പ്രത്യേക താളത്തിലുള്ള ആ ചെണ്ട കൊട്ടല്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രമാണെന്ന് തോന്നുന്നില്ല. കാരണം ശ്രുതിമധുരമെന്ന് ആ ശബ്ദത്തെ വിശേഷിപ്പിക്കാനാവില്ല. പക്ഷെ.. എന്തോ ഒരു ആകര്‍ഷണീയത ആ ശബ്ദത്തിനുണ്ട്. അവരുടെ ജീവിതത്തിലേയ്ക്ക് ശ്രദ്ധിക്കാന്‍ തക്കതായ എന്തോ ഒന്ന്..... ഒരു പക്ഷെ മനസ്സിന്റെ തേങ്ങലുകളായിരിക്കാം അത്. ചെണ്ട കൊട്ടല്‍ കേട്ടാല്‍ അയാളുടെ കാലുകള്‍ ചുവട് വെച്ച് തുടങ്ങും. അതോടൊപ്പം കൈകള്‍ കൊണ്ട് ചില മുദ്രകളും കാണിയ്ക്കും. ജീവിതവുമായുള്ള പോരാട്ടത്തില്‍ അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ഇതിനകം അയാള്‍ പ്രയോഗിച്ചിട്ടുണ്ടാകും.

കഷ്ടിച്ച് അഞ്ചോ, ആറോ വയസ്സ് മാത്രം പ്രായമുള്ള അവരുടെ കുട്ടികളും കഴിവിന്റെ പരമാവധി ശ്രമിയ്ക്കുന്നുണ്ട്.... മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍. അത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടല്ല എന്ന് വ്യക്തം. എങ്കിലും ഒരു നേരത്തെ ആഹാരത്തിനുവേണ്ടി അവരും യത്‌നിക്കുന്നു. അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്നാണല്ലോ പ്രമാണം. അഭ്യാസങ്ങള്‍ പരിസമാപ്തിയിലെത്താറായപ്പോഴേയ്ക്കും കാണികളില്‍ ഭൂരിഭാഗവും പിന്‍വാങ്ങി കഴിഞ്ഞിരുന്നു. ആദ്യം ഉണ്ടായിരുന്നത്ര ആളുകള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഞാനും മടങ്ങിയാലോന്ന് ആലോചിച്ചതാണ്. പിന്നെ.... എന്തോ.... ഞാനവിടെതന്നെ നിന്നു. ഒരുപക്ഷെ ഇതിന്റെ അവസാനം എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയാകാം എന്നെ അവിടെ പിടിച്ച് നിര്‍ത്തിയത്. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ പ്രകടനം നിര്‍ത്തി, നീട്ടിയ കൈകളുമായി ഓരോരുത്തരെയും സമീപിച്ചു. ഏതാനും ചില്ലറ നാണയതുട്ടുകള്‍ അവരുടെ കൈകളിലേയ്ക്ക് വീണു. അവരുടെ പ്രകടനത്തിന്റെ മികവ് കൊണ്ട് മാത്രമാണ് ആ തുട്ടുകള്‍ കൊടുത്തത് എന്ന് തോന്നുന്നില്ല. ഒരു പക്ഷെ അവരോടുള്ള സഹതാപം കൊണ്ട്..... അല്ലെങ്കില്‍ അവരെ ഒഴിവാക്കാന്‍..... അങ്ങനെ എന്തെങ്കിലും കൂടി ഇതിന് പിന്നിലുണ്ടാകാം.

ഇങ്ങനെയൊക്കെ ചിന്തിച്ചുനില്‍ക്കെ അവര്‍ എന്റെ അടുത്ത് എത്തി. പെട്ടെന്ന് മനസിന് എന്തോ സംഭവിച്ചതുപോലെ.... ഒരു താളം തെറ്റല്‍... ഹൃദയത്തിന്റെ ദ്രുതഗതിയിലുള്ള മിടിപ്പുകള്‍ ശരീരത്തിലേയ്ക്കും വ്യാപിയ്ക്കുന്നതുപോലെ...അവര്‍ എന്നെത്തന്നെ നോക്കി പ്രതീക്ഷയോടെ നില്‍ക്കുകയാണ്.... ചില്ലറയ്ക്കായി ഞാനെന്റെ പോക്കറ്റ് മെല്ലെ പരതി. ചില്ലറകളൊന്നും പോക്കറ്റില്‍ അവശേഷിച്ചിരുന്നില്ല. പിന്നെ കൈയ്യില്‍ തടഞ്ഞ ഒരു 50 രൂപ നോട്ട് ഞാനാ കൈയ്യില്‍ നിക്ഷേപിച്ചു. അവിശ്വസനീയതയും, അത്ഭുതവും തുളുമ്പുന്ന ഒരു നോട്ടം അവര്‍ എനിയ്ക്ക് സമ്മാനിച്ചു. വാടിതളര്‍ന്നിരിക്കുന്ന ആ മുഖത്ത് ഒരു പ്രസന്നഭാവം മിന്നിമറഞ്ഞു. എനിയ്ക്കും എന്തോ ഉള്ളില്‍ ഒരു നിറവ് അനുഭവപ്പെട്ടു. 

അപ്രതീക്ഷിതമായാണെങ്കിലും ഞാന്‍ ചെയ്ത സല്‍ക്കര്‍മ്മത്തിന് പ്രേരണ നല്‍കാന്‍, ആ സ്ത്രീ യുടെ കണ്ണുകളില്‍ നിഴലിച്ചിരുന്ന നിസ്സഹായാവസ്ഥയോ, യാചനയോ കാരണമായിട്ടുണ്ടാകാം. അവരുടെ രൂപവും ഭാവവും ഇന്നും മനസ്സില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. എന്തായാലും എന്റെ മനസ്സ് ആകാശകോണിലൂടെ പറക്കുന്ന അപ്പൂപ്പന്‍താടി പോലെയായി. എന്റെ ഉള്ളില്‍ വ്യാപിച്ചിരുന്ന ശൂന്യത എങ്ങോ പോയ് മറഞ്ഞു. എനിയ്ക്ക് സന്തോഷവും സംതൃപ്തിയും നല്‍കിയ ഒഴിവുദിനമായി മാറിയിരുന്നു ആ ദിനം. ആത്മഹര്‍ഷത്തിന്റെ അലയൊലികളും അവരെക്കുറിച്ചുള്ള തുടര്‍ചിന്തകളുമായി, മനസ്സിന്റെ ശാന്തിപര്‍വ്വത്തിലേക്ക് ഞാന്‍ മടങ്ങി.

അപ്പോഴേയ്ക്കും ജീവിതത്തിനുമേല്‍ ചാട്ട കൊണ്ടടിച്ച് വിധിയുമായി പോരാടാന്‍ കണ്ണുകളില്‍ വിഫല പ്രതീക്ഷയും യാചനയുമായി അവര്‍ അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. വെയിലിന്റെ കാഠിന്യം വകവെയ്ക്കാതെ..... മനസ്സ് മീഡിയ