20-05-2017
വിശപ്പടക്കാനാണ് നമ്മള് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ അതിനേക്കാളുപരി, നമ്മള് നിത്യേന കഴിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളിലും ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പക്ഷേ, ഇക്കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് ശരി. നാം നിത്യേന കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും അവയില്‍ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങളും.
അരി : ഇന്ത്യക്കാരുടെ മുഖ്യാഹാരമാണ് അരി. ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒരുഭാഗം അരി ഭക്ഷിക്കുന്നവരാണ്. അരി തവിടു കളയാത്ത രൂപത്തില്‍ ഏറെ പോഷകസമ്പുഷ്ടമാണ്. പോഷകാംശങ്ങളുടെ കാര്യത്തില്‍ തവിട് കളഞ്ഞ അരി ഗോതമ്പിനേക്കാളും വളരെ താഴെയാണ്. യഥാര്‍ത്ഥത്തില്‍ തവിടില്‍ ആണ് പോഷകാംശങ്ങള്‍ അധികമുള്ളത്. വസൂരി, ഗൊണോറിയ, മൂത്രാശയരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കഞ്ഞി അതിവിശിഷ്ടമാണ്. അതിസാരമുണ്ടായി സുഖം പ്രാപിച്ചവര്‍ക്ക് ക്ഷീണം മാറ്റാനും കഞ്ഞി ഉപകരിക്കും. അരി ശര്‍ക്കര ചേര്‍ത്ത് വേവിച്ച് രാത്രി കഴിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കഞ്ഞി പാലൊഴിച്ച് ദിവസേന കഴിച്ചാല്‍ കുടല്‍വ്രണം ശമിക്കും. നെല്ലില്‍നിന്ന് ഉണ്ടാക്കുന്ന അവില് ശരീരബലത്തെ വര്‍ധിപ്പിക്കുന്നതും വാതത്തെ നശിപ്പിക്കുന്നതുമാണ്. മലര് ലഘുവും ശരീരബലത്തെ വര്‍ധിപ്പിക്കുന്നതുമാണ്. പിത്തം, കഫം എന്നിവകളുടെ കോപത്തെ ശമിപ്പിക്കും. മലര്‍വെള്ളം കുടിച്ചാല്‍ ഛര്‍ദ്ദി, അതിസാരം, ചുട്ടുനീറ്റല്‍, രക്തപിത്തം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. അരിക്കാടി നീരു വറ്റുവാനും വ്രണങ്ങള്‍ കഴുകുവാനും നന്നാണ്. കഞ്ഞിയില്‍ പശുവിന് നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കും.
ഗോതമ്പ് : അരി കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യധാന്യമാണ് ഗോതമ്പ്. ലോകജനസംഖ്യയില്‍ മൂന്നില്‍ ഒരു ഭാഗത്തിന്റെയും മുഖ്യാഹാരം ഗോതമ്പാണ്. ഗോതമ്പില്‍ എല്ലുകളുടെയും പല്ലുകളുടെയും എന്നുവേണ്ട രോമത്തിന്റെ പോലും വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഊര്‍ജവും ഇതില്‍ വേണ്ടുവോളമുണ്ട്. പ്രമേഹരോഗികള്‍ക്ക് ഗോതമ്പ് വളരെ ഗുണകരമാണ്. ഗോതമ്പില്‍ പ്രോട്ടീന്‍ അരിയേക്കാള്‍ കൂടുതല്‍ ഉള്ളതുകൊണ്ട്, അരിയെ അപേക്ഷിച്ച് ഗോതമ്പ് അളവില്‍ കുറച്ച് കഴിച്ചാല്‍ മതി. അതുകൊണ്ടാണ് ഗോതമ്പ് പ്രമേഹരോഗികള്‍ക്ക് ഹിതകരമാകുന്നത്. ഭക്ഷണമെന്ന നിലയില്‍ പൂര്‍ണമായ ഗുണം ലഭിക്കണമെങ്കില്‍ ഗോതമ്പ് പൊടിച്ച് മാവാക്കി ഉപയോഗിക്കേണ്ടതാണ്. പൊതുവില്‍ ഗോതമ്പ് വാതത്തെയും പിത്തത്തെയും ശമിപ്പിച്ച് ബലവും ആയുസ്സും വര്‍ദ്ധിപ്പിക്കും. വ്രണങ്ങള്‍ ഉണക്കുന്നതിനും ഗോതമ്പിന് കഴിവുണ്ട്. തവിടുകളയാത്ത ഗോതമ്പുകൊണ്ടുള്ള അപ്പം മലബന്ധം ഇല്ലാതാക്കും. 'സൂജി' ഗോതമ്പുകൊണ്ടുള്ള കഞ്ഞി നിത്യവും കഴിച്ചാല്‍ കൃത്യമായ ശോധന കിട്ടും. മൂലക്കുരുവിന് ഗോതമ്പുകൊണ്ടുള്ള അപ്പം നല്ലതാണ്. ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന കാപ്പി കുട്ടികള്‍ക്കും മധ്യവയസ്കര്‍ക്കും വൃദ്ധന്മാര്ക്കും ഒരുപോലെ വിശിഷ്ടമായ പാനീയമാണ്. ഒരു പിടി ഗോതമ്പ് മണ്‍പാത്രത്തില്‍ ഇട്ട് വറുത്ത് പൊടിച്ചശേഷം രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് കാച്ചി മതിയായ തോതില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് ദഹനത്തിന് അനുസരിച്ച് മറ്റു ഭക്ഷ്യപദാര്ത്ഥങ്ങളോട് ഒപ്പമോ തനിച്ചോ കഴിക്കുന്നത് നല്ലതാണ്. ആമവാതത്തിന് ഗോതമ്പ് പൊടിച്ച് തേനും ചേര്‍ത്ത് കഴിച്ചാല്‍ ശമനം ഉണ്ടാകും. ഗോതമ്പ്പൊടി പാലും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ മൂക്കില്‍നിന്നുള്ള രക്തം പോക്കിന് ആശ്വാസം ലഭിക്കും. ഗോതമ്പുമാവ് വിനാഗിരി ചേര്‍ത്ത് ചൂടാക്കി പുറമേ പുരട്ടിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന അരിമ്പാറകള്‍ അപ്രത്യക്ഷമാകും.
മത്സ്യം : ലോകജനസംഖ്യയില്‍ 90 ശതമാനം പേരും മത്സ്യം ഇഷ്ടപ്പെടുന്നു. കേരളീയരുടേയും ഇഷ്ടഭോജ്യങ്ങളില്‍ മത്സ്യം പ്രധാന പങ്കുവഹിക്കുന്നു. ഒരു ഭക്ഷ്യവസ്തുവെന്ന നിലയില്‍ മത്സ്യത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്. യഥാര്‍ത്ഥത്തില്‍ മത്സ്യത്തെ ഇന്നും നമ്മള് വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്. ശരീരത്തില്‍ പുതിയ ടിഷ്യൂകള്‍ ഉണ്ടാവുകയും പഴയ ടിഷ്യൂകളുടെ കേടുപാട് തീര്‍ക്കുകയും രക്തത്തെ പുനരുജ്ജീവിപ്പിക്കുകയും രോഗാണുക്കള്‍ക്ക് എതിരായ പ്രതിരോധശക്തി വളര്‍ത്തുകയും ചെയ്യുന്ന മാംസ്യകത്തിന്റെ വറ്റാത്ത ഉറവയാണ് മത്സ്യം. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന മാംസ്യകം മുട്ട, ഇറച്ചി, പാല് എന്നിവയില്‍ ഉള്ള മാംസ്യകത്തിനേക്കാളും കൂടുതലാണ്. മാംസ്യകത്തിനു പുറമേ ഗോമാംസത്തിലേതുപോലെ ധാരാളം ലോഹാംശംവും മത്സ്യത്തിലുണ്ട്. ടിഷ്യൂകളും അസ്ഥികളും രക്തവും നിര്‍മ്മിക്കുന്നതിന് ശരീരത്തിന് ലോഹം അത്യാവശ്യമാണ്. അയിലാ, സ്രാവ് തുടങ്ങിയ കടല്‍ മത്സങ്ങളില്‍ ധാരാളം ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. മത്സ്യം ഓരോരുത്തരുടേയും വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്താമെന്നതാണ് അതിന്റെ പ്രധാന സവിശേഷത. ഉദാഹരണമായി, ചെറുതരം മത്സ്യങ്ങള്‍ കൊഴുപ്പ് കൂടാതെ പാകം ചെയ്ത് ഉപയോഗിച്ചാല്‍ ശരീരം മെലിയുന്നതാണ്. അതുപോലെ വെണ്ണയോ കൊഴുപ്പോ ധാരാളമായി ചേര്‍ത്ത് പാകം ചെയ്ത് ഉപയോഗിച്ചാല്‍ ശരീരം തടിക്കുന്നതിനും നല്ലതാണ്. എളുപ്പത്തില്‍ ദഹനമുണ്ടാകുന്ന ഭക്ഷ്യവസ്തുവാണ് മത്സ്യം. അതില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വൃദ്ധന്മാര്ക്കും കുട്ടികള്‍ക്കും കൂടുതല്‍ പ്രയോജനപ്രദമാണ്. മത്സ്യത്തിലെ കൊഴുപ്പ് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാത്ത തരത്തിലുള്ളതായതിനാല്‍ ഹൃദ്രോഗികള്‍ക്ക് നിര്‍ഭയം മത്സ്യം കഴിക്കാം. മാംസ്യകമടങ്ങിയ മറ്റു പദാര്‍ത്ഥങ്ങള്‍ വര്‍ജിച്ച് പകരം മത്സ്യം ധാരാളമായി കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗത്തിനു കാരണമാകുന്ന, ധമനികള്‍ രക്തം കട്ടപിടിച്ച് അടഞ്ഞുപോകുകയെന്ന അവസ്ഥ കുറയുന്നതായി ഗവേഷകര്‍ ഈയിടെ തെളിയിക്കുകയുണ്ടായി. പേശീശോഷം എന്ന രോഗത്തിന്റെ ചികിത്സയില്‍, പേശികള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ ബ്രാല് മത്സ്യത്തിന്റെ മാംസംകൊണ്ട് കിഴി നടത്തുന്നത് വളരെ ഫലപ്രദമാണ്. മത്തി, അയില തുടങ്ങിയ ചില മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മസ്തിഷ്കകേശങ്ങളുടെ ആരോഗ്യത്തിനും പുനരുജ്ജീവനത്തിനും ഇത് ഫലപ്രദമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നല്ലതാണ്. തൈറോയിഡ് ഗ്ളാന്‍ഡ്(തൊണ്ടമുഴ) വലുതാകുന്നവര്‍ കടല്‍മത്സ്യം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ വര്‍ദ്ധിച്ച തോതില്‍ അടങ്ങിയിരിക്കുന്ന അയഡിന്‍ തൈറോയിഡ് രോഗികള്‍ക്ക് ഏറെ ഫലപ്രദമാണ്.
നാളികേരം : തെങ്ങ് നമ്മുടെ കല്പ്പവൃക്ഷമാണ്. നാളികേരത്തിന് ആയുര്‍വേദത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പ്പിച്ചിട്ടുള്ളത്. ഗ്രഹണി ബാധിച്ചിട്ടുള്ള കുട്ടികള്‍ക്ക് തേങ്ങാപാല്‍ വിശേഷപ്പെട്ട ഒരു ആഹാരമാണ്. പ്രോട്ടീന്‍ കുറയുന്നതു മൂലമുള്ള വൈഷമ്യങ്ങള്‍ നാളികേരപ്പാല് പരിഹരിക്കും. തേങ്ങാപ്പാലും ഇളനീര്‍വെള്ളവും സമം ചേര്‍ത്തിളക്കി യോജിപ്പിച്ച്, ചെറിയ കുട്ടികള്‍ക്ക് കൊടുത്താല്‍ വളരെ നല്ലതാണ്. വായ്പുണ്ണ് മാറുവാന്‍ കൊട്ടത്തേങ്ങയും കല്‍ക്കണ്ടവും ചേര്‍ത്ത് ചവച്ച് തിന്നാല്‍ മതി. ദിവസം 2 നേരം 10 മില്ലിവീതം വെളിച്ചെണ്ണ കഴിച്ചാല്‍ 3 മാസംകൊണ്ട് ഉദരപ്പുണ്ണ് ശമിക്കും. പ്രമേഹക്കാര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും കണക്കിലധികം തടിച്ചവരും ഹൃദ്രോഗം വന്ന് മാറിയവരും വെളിച്ചെണ്ണ കഴിക്കരുതെന്നാണ് ആധുനികശാസ്ത്രം പറയുന്നത്. എന്നാല്‍, ഈ രോഗികള്‍ക്ക് മിതമായ തോതില്‍ വെളിച്ചെണ്ണ കഴിക്കാമെന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. കുട്ടികളെ കുളിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത് ശുദ്ധമായ വെളിച്ചെണ്ണയാണ്. കുട്ടിയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ ഇത് ഉപകരിക്കും. തണുത്ത വായു തട്ടിയാല്‍ ഉണ്ടാകുന്ന ദോഷഫലങ്ങള്‍ തടയുകയും ചെയ്യും. ആയുര്‍വേദത്തിലെ പല ഔഷധങ്ങളുടെയും മാധ്യമം വെളിച്ചെണ്ണയാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ വെട്ട്പാലയുടെ ഇല 7 ദിവസം ഇട്ട് വെയില് കൊള്ളിക്കുക. അതിനുശേഷം പുരട്ടിയാല്‍ സോറിയാസിസിന് പ്രതിവിധിയാണ്.
ഉപ്പ് : ഉപ്പ് സ്വയം ഒരു ഭക്ഷ്യവസ്തുവല്ല. എന്നാല്‍ ഉപ്പില്ലാതെ മിക്കവാറും എല്ലാ ഭക്ഷ്യസാധനങ്ങള്‍ക്കും ഒരു രുചിയും ഉണ്ടാവില്ല. സമുദ്രജലത്തില്‍ നാലില്‍ ഒരുഭാഗം ഉപ്പാണ്. ശരീരത്തില്‍ ഉപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. വിയര്‍പ്പില്‍ കൂടിയും മൂത്രത്തില്‍ കൂടിയും കണ്ണുനീരില്‍ കൂടിയും അത് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഉപ്പിനെ പുറത്തേയ്ക്ക് കളയുന്നത് ശരീരത്തിന്റെ ഒരു ധര്‍മ്മമാണ്.
ക്രമമായ തോതില്‍ ഉപ്പ് ഉപയോഗിച്ചാല്‍ ഉമിനീര് ഗ്രന്ഥിയില്‍ നിന്നും ആമാശയത്തിലെ ഗ്രന്ഥികളില്‍നിന്നും ഉള്ള സ്രവണം വര്‍ദ്ധിക്കുന്നു. തന്മൂലം വിശപ്പ്, ദഹനം എന്നിവയുണ്ടാകുന്നു. അത് ദാഹത്തെ ഉണ്ടാക്കുകയും ദ്രവപദാര്‍ത്ഥങ്ങളുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്നു. ആമാശയവ്രണം മൂലം വയറു വേദനിക്കുമ്പോള്‍ ഉപ്പുവെള്ളം കുടിച്ചാല്‍ വേദന ഉടനെ ശമിക്കും. തൊണ്ടവേദന, പല്ലുവേദന എന്നിവയുണ്ടാകുമ്പോള്‍ ഒരു ഗ്ളാസ് ചെറുചൂടു വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് കലക്കി കുലുക്കുഴിഞ്ഞാല്‍ ആശ്വാസം ലഭിക്കും. ആയുര്‍വേദത്തില്‍ ഉപ്പ് അഞ്ചു തരമുണ്ട്. ഇന്തുപ്പ്, തുവര്‍ച്ചിലയുപ്പ്, വിളയുപ്പ്, കടലുപ്പ്, കാരുപ്പ്. കടലില്‍ കുളിക്കുന്നത് പലതരം ചര്‍മരോഗങ്ങള്‍ക്കും വാതവേദനകള്‍ക്കും നല്ലതാണ്. അമിതമായി ഉപ്പ് കഴിച്ചാല്‍ ശരീരം ക്രമാതീതമായി തടിക്കും. അതിനാല്‍ വൃക്ക, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ട രോഗമുള്ളവര്‍ ഉപ്പ് അധികം കഴിക്കരുത്. ശരീരത്തില്‍ നീരുള്ളവരും രക്താതിസമ്മര്ദ്ദമുള്ളവരും ഉപ്പ് ഉപേക്ഷിക്കേണ്ടതാണ്.
പാല് : പാല് ഒരു ഉത്തമ സമീകൃതാഹാരമാണ്. പാല് മധുരമുള്ളതാണ്. ദഹിക്കുമ്പോഴും മധുരമായിരിക്കും. ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യും. ആരോഗ്യം വര്‍ധിപ്പിക്കും. സപ്തവിധ ധാതുക്കള്‍ക്ക് ബലം നല്‍കും. വാതപിത്തങ്ങളെ ശമിപ്പിക്കും. ഗുരുത്വം ഉള്ളതാണ്. ശീതവീര്യമാണ്. പച്ചപ്പാല് കഫത്തെ വര്‍ധിപ്പിക്കും. ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാല് കൂടുതല്‍ ഗുണമുള്ളതാണ്. കറന്ന ഉടനെയുള്ള പാല് അമൃതിനു തുല്യമാണ്. പാലില്‍ വെള്ളുള്ളി കിഴികെട്ടി ഇട്ട് കുറുക്കി കഴിച്ചാല്‍ ഉദരപ്പുണ്ണിന് ഫലപ്രദമാണ്. മനസ്സ് മീഡിയ