KAVITHAKAL

ഇനിയും പൂക്കാത്ത പൂമരങ്ങള്‍

Jismy Salmiya


ചെറുകിളികള്‍ കഥചൊല്ലും മനസ്സിന്റെ താഴ്‌വരയില്‍
മനമുരുകും യാതനയാല്‍ കുരുവികള്‍ മിഴിയൊഴുക്കും
കൊന്നമരത്തിന്‍ തണ്ടിലും വസന്തം പൂവിടും കാലങ്ങള്‍
പൂക്കാത്ത കൊമ്പുകള്‍ മനുഷ്യമനസ്സില്‍ മാത്രമോ
വേദനകള്‍ ഒഴുകും സിരകളില്‍ മാത്രം

ലാളിത്യമില്ലാത്ത മനസ്സിന്റെ ലോകം
പിടിച്ച് നില്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍ മാത്രം 
ഒഴുകാം നമുക്കീ ആറ്റിന്‍ കുറുകെ
ഓടിയൊളിയ്ക്കാന്‍ നിമിഷങ്ങള്‍ മാത്രം 
ഓമനത്തം പുല്‍ക്കാന്‍ വര്‍ഷങ്ങളേറെ

പൂവിടും കൊമ്പുകള്‍ തല്ലി തകര്‍ക്കാന്‍ നാളുകള്‍ വേണ്ട
തിരികെ അരികിലെത്താന്‍ യുഗങ്ങള്‍ ഏറെ
തിരിച്ചറിവില്ലാത്ത ഈ കാലത്തിന് ഞാന്‍ 
പേരെന്ത് വിളിയ്‌ക്കേണമെന്നറിയില്ല എനിയ്ക്ക്
അറിയാനൊട്ട് ആഗ്രഹവുമില്ലെങ്കിലും
അറിയാതിരിക്കുന്നതാണോ ദൈവഹിതം

പറഞ്ഞാലൊടുങ്ങാത്ത വിഷമമുണ്ടെനിയ്ക്ക്
പറഞ്ഞാല്‍ തീരാത്ത കഥകളുണ്ടെനിയ്ക്ക് പറയുവാന്‍
എങ്കിലും കടന്നുപോയ് കിഴക്കുണരും പ്രകാശമേ
ഇരുളില്‍ തള്ളി നീ എവിടെ മറഞ്ഞു. മനസ്സ് മീഡിയ