KAVITHAKAL

മരണം... നിത്യജീവന്‍

ഫിജി ജീജി


കൂടെ കൂട്ടിയ സ്വപ്‌നങ്ങളും
കൂട്ടിവെച്ച സമ്പത്തും
കൂട്ടിനില്ലാത്ത യാത്ര
എന്നിലുത്ഭവിച്ച നന്മതിന്മകള്‍ മാത്രം
കൂട്ടായുള്ളൊരു യാത്ര
അതിവേഗങ്ങളില്ലാത്ത
ശാന്തമായൊരു യാത്ര....
നിത്യസമ്മാനം നേടാന്‍,
ഞാനൊരു യാത്രയിലാണ്...

      ചന്ദനത്തിരികള്‍ തന്‍ ഗന്ധം
      ചുറ്റിലും പൂക്കള്‍ തന്‍ വര്‍ണ്ണങ്ങളും
      എന്നില്‍ നിറയെ തണുപ്പും
      കണ്‍കളില്‍ നിറയെ ഇരുട്ടും...
      നിത്യപ്രകാശത്തിലേയ്ക്ക് കണ്‍തുറക്കാന്‍
      ഈ യാത്രയ്ക്കിടയി-
      ലല്‍പ്പമുറങ്ങുന്നു ഞാന്‍....

കണ്ണീരുണങ്ങിയ വിഷാദ മൗനത്തില്‍
നിങ്ങളും ഉറങ്ങുകയാവും...
അല്‍പ്പദൂരം നമ്മളൊന്നായി നടന്നു
ഇനി, ഞാന്‍ തനിച്ചുപോകട്ടെ,
നിത്യജീവനില്‍ കണ്ടുമുട്ടുംവരെ
നിത്യസ്വര്‍ഗ്ഗ സന്തോഷത്തില്‍
അലിഞ്ഞുചേരും വരെ
ഞാനുറങ്ങട്ടെ, തനിയെ... മനസ്സ് മീഡിയ