KAVITHAKAL

മെഴുതിരി നാളം

Jismi


കേരളമണ്ണില്‍ പിറന്നോരമ്മേ
അല്‍ഫോന്‍സാമ്മേ പുണ്യവതീ..
എത്ര സഹിച്ചു നീ ജീവിതത്തില്‍
എല്ലാം നിന്നാത്മനാഥനായി.
എത്രത്യജിച്ചൂ നിന്‍സുഖങ്ങള്‍
എല്ലാമവനായ് മാത്രമായി.
യേശുവിന്‍ മണവാട്ടിയാകുവാനായ്,
സ്വജ്ജനപാദത്തിലെത്രകേണു.
ഒടുവില്‍ നിന്നിച്ഛ സഫലമായി.
ജീവിതമവനായ് സമര്‍പ്പിച്ചു നീ.
രോഗികള്‍ തന്നുടെ പ്രേഷിതയായ്,
വിശ്വാസത്തിന്‍ നിറകുടമായ്.
ദാരിദ്ര്യത്തെ സ്‌നേഹിച്ചൊരമ്മേ ...
ദൈവികസ്‌നേഹ സമൃദ്ധിയാലേ
എത്രയോ സമ്പന്നയല്ലോ നീ! 

        സഹനത്തിന്‍ ബലിവേദിയില്‍ നീ
        എത്ര ജ്വലിച്ചൊരു മെഴുതിരിയായ്..
        വേദനയെല്ലാം നിന്‍പ്രിയകാന്തന്റെ
        തിരുമുറിവില്‍ നീ ചേര്‍ത്തല്ലോ.
        അവയെ നറുമലരാക്കി സ്മിതത്താല്‍
        അവനുടെ പാദത്തിലര്‍പ്പിച്ചല്ലോ. 

സ്‌നേഹത്തിന്‍ മൂര്‍ത്തീ ഭാവമാമമ്മേ..
സ്വര്‍ഗ്ഗകവാടം നീ പൂകിയല്ലോ.
അളവില്ലാതനുഗ്രഹ വര്‍ഷമാരി  
ഇന്നും ചൊരിയുന്നു ഞങ്ങളില്‍ നീ. 

         ഇന്നു വിശുദ്ധിതന്‍ വിഹായസ്സില്‍ നീയൊരു-
         ജ്ജ്വല താരമായ് ശോഭിക്കുന്നു.
         ക്രൂശിതന്‍ തന്നില്‍ വിലയം പ്രാപിച്ച
         നിന്നുടെ ജീവിതമെത്ര ധന്യം.
         ആ നാമ കീര്‍ത്തനം പാടുവാനായ്  
         അടിയനില്‍ യോഗ്യതയില്ലതെല്ലും.
         നിന്‍ നാമധാരിയാമെന്നുടെ ജീവിതം
         നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു നിത്യം.
           നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു നിത്യം.  മനസ്സ് മീഡിയ