EDITORIAL

'ലഹരിയും നമ്മുടെ മക്കളും' : അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും പങ്ക്


ഓരോ ദിവസവും ഇറങ്ങുന്ന വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു നെഞ്ചിടിപ്പോടെ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ സംജാതമായിരിക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍. സാംസ്‌ക്കാരിക കേരളത്തിന്റെ സംസ്‌ക്കാരം നഷ്ടപ്പെടുത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. പാന്‍പരാഗ്, ശംഭു, തുഫാന്‍, എന്നീ വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ച് നമ്മുടെ ചില വിദ്യാര്‍ത്ഥികള്‍ കഞ്ചാവിലോട്ടും ചരസിലോട്ടും നീങ്ങി, മണമില്ലാത്തതും ഉപയോഗിച്ചാല്‍ കണ്ട് പിടിക്കാന്‍ സാധിക്കാത്തതുമായ കൊടൈകനാല്‍ കൂണ്‍ എന്നറിയപ്പെടുന്ന ലഹരിയിലും എത്തി നില്‍ക്കുന്നു. കൊടൈക്കനാല്‍ കൂണ്‍ നമ്മുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കുന്നത് പെണ്‍മക്കളാണ് എന്നറിയുമ്പോള്‍ നമ്മള്‍ അതിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.

ആല്‍ക്കഹോളും കഞ്ചാവും വര്‍ണ്ണ പേപ്പറില്‍ പായ്ക്ക് ചെയ്ത പലവിധത്തിലുള്ള ലഹരിയും ഉപയോഗിച്ചാല്‍ മറ്റുള്ളവരുടെ മുന്നില്‍ പിടിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ആണ്‍കുട്ടികള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാത്തതുകൊണ്ടാവണം, കഴിഞ്ഞ ദിവസം പുറത്തുവന്ന ചില വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒന്നാണ് ആല്‍ക്കഹോളും ചില ഗുളികകളും ചേര്‍ത്ത് കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം. മെഡിക്കല്‍ പരമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എല്ലാത്തിലേയ്ക്കും വിരല്‍ ചൂണ്ടുന്നത് വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തെ തന്നെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പോലീസ് ഓഫീസര്‍ പിടികൂടിയ ചില ലഹരി വസ്തുക്കളില്‍ കൊടൈക്കനാല്‍ കൂണ്‍ എന്നറിയപ്പെടുന്ന ഒരു ലഹരി പദാര്‍ത്ഥം കണ്ടെത്തി. ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കുന്നത് പെണ്‍കുട്ടികള്‍ ആണെന്നും കഴിച്ചവര്‍ക്ക് മാനസിക ഉന്മാദം ലഭിയ്ക്കുകയും മണവും മറ്റും ഇല്ലാത്തതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കാത്തതുമാണ് പെണ്‍കുട്ടികളെ ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിപ്പിയ്ക്കുന്നതെന്നും പിടിയില്‍ അകപ്പെട്ട വില്‍പ്പനക്കാരനെ ഉദ്ധരിച്ച് ഒരു പോലീസ് ഓഫീസര്‍ പറയുകയുണ്ടായി.

ഇതിനെതിരെയൊക്കെ ഉത്തരവാദിത്വമുള്ള രക്ഷിതാക്കളും അദ്ധ്യാപകരും നിയമപാലകരുമായി കൈകോര്‍ത്ത് ഒരുമിയ്‌ക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിയ്ക്കുന്നു. 'ഇന്ന് ഞാന്‍, നാളെ നീ' എന്ന് ആരോ പറഞ്ഞ വരികള്‍ നമ്മുടെ മക്കള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ട ഒരു കാലഘട്ടത്തിലോട്ടാണ് നമ്മള്‍ ഓടി നീങ്ങുന്നത്. അതുകൊണ്ട് ഓരോ കുഞ്ഞുമക്കളേയും ലഹരി എന്ന നീരാളിപിടുത്തത്തില്‍ നിന്ന് രക്ഷിയ്ക്കാനായി ഓരോ രക്ഷാകര്‍ത്താവും സ്വന്തം മക്കള്‍ ഒരു ലഹരിയ്ക്കും പിന്നാലെ പോകില്ലെന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. അതുപോലെ തന്നെ അവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസാധാരണമായ സ്വഭാവവൈകല്യങ്ങള്‍ പ്രകടിപ്പിയ്ക്കുകയാണെങ്കില്‍ രക്ഷിതാക്കളെ അറിയിക്കുവാനും ആവശ്യമില്ലാത്ത കൂട്ടുകെട്ടുകള്‍ മക്കള്‍ക്കുണ്ടെങ്കില്‍ അതിനെതിരെ രക്ഷിതാക്കളും അദ്ധ്യാപകരും ഒന്നിയ്ക്കാനും തയ്യാറാവണം. അതിനുള്ള പരസ്പര ആശയവിനിയമത്തിന് പാരന്റ്-ടീച്ചേഴ്‌സ് മീറ്റിംങ്ങ് എന്ന പതിവ് നാടകം മാത്രം പോരാ. രക്ഷിതാക്കളും ടീച്ചേഴ്‌സും ലഹരിയ്‌ക്കെതിരായ ഒരു വിശുദ്ധ യുദ്ധം പ്രഖ്യാപിച്ച് നിരന്തരം ആശയവിനിമയം നടത്തേണ്ടതാണ്.

എന്നിട്ടും ഇതിനൊരു പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ കാര്യഗൗരവത്തോടെ നിയമപാലകരെ അറിയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കാന്‍ നാമെല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിയ്‌ക്കേണ്ട സമയമാണിതെന്നും പറയാതിരിക്കാന്‍ വയ്യ. മനസ്സ് മീഡിയ