ARTICLE

ബിയറിന് ചിയേഴ്‌സ്... കടക്കൂ പുറത്ത്...

സി.ജെ.സിജു


നമ്മുടെ വീടും ബാറാക്കി മാറ്റാം

മദ്യം നിര്‍മ്മിക്കാന്‍ ഹോട്ടലുകള്‍ക്കും അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തിലാകുമോ? അങ്ങനെയെങ്കില്‍ നമ്മുടെ വീടുകളിലും ഉണ്ടാക്കാനുള്ള അനുമതി തന്നുകൂടെ? എന്തിനീ കുത്തക മുതലാളികളെ മാത്രം ഏല്‍പ്പിക്കുന്നു. മൈക്രോ ബ്രൂവറി സ്ഥാപിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ ഏറ്റവും നല്ലത് ഇപ്പോള്‍ പണക്കാരെയും പാവപ്പെട്ടവരെയും തരം തിരിച്ചു നിര്‍ത്താന്‍ എപിഎല്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന രീതിപോലെ ബ്രൂവറി കാര്‍ഡും അണ്‍ബ്രൂവറി കാര്‍ഡുമുള്ള ജനതയെ സൃഷ്ടിക്കുന്നതല്ലേ സര്‍ക്കാരിന് ഏറ്റവും എളുപ്പം. 

ഹോംമെയ്ഡ് ഉല്‍പ്പന്നങ്ങള്‍ക്കല്ലേ നാട്ടില്‍ ഡിമാന്റ്. പിന്നെ എന്തിന് സ്റ്റാര്‍ ഹോട്ടല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിയ്ക്കുന്നു. ഓരോ വാര്‍ഡുകളിലും വീടുകളിലും മുറ്റത്തും ഇറയത്തും ബ്രൂവറി സ്ഥാപിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ അനുവാദം നല്‍കുകയാണെങ്കില്‍ കള്ളു കുടിയന്മാരുടെ ഒരു മാസ്മര ലോകം തന്നെ തീര്‍ക്കാന്‍ നമുക്കാവില്ലേ. അതുവഴി കരളും വൃക്കയും കണ്ണും കാതുമൊക്കെ നഷ്ടപ്പെട്ട പുതുതലമുറയെ സൃഷ്ടിക്കുകയും അതുമൂലം സ്‌പെഷ്യാലിറ്റി/സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് മധുരം നല്‍കാന്‍ ഈ നിയമം കുറച്ചുകൂടി സുതാര്യമായ രീതിയില്‍ നടപ്പാക്കുകയല്ലേ വേണ്ടത്. 

തട്ടിപ്പു നടത്തിയും വെട്ടിപ്പു നടത്തിയും നികുതിയെന്ന ഭണ്ഡാരത്തെ അടിച്ചു തകര്‍ത്ത് മുന്നേറുന്ന ഒരു നക്ഷത്രക്കാരുടെയും ചെറുവിരല്‍ അനക്കാന്‍ തയ്യാറില്ലെങ്കിലും കള്ളുകുടിയന്മാരെ പറ്റിച്ചും വലിപ്പിച്ചും അവരുടെ ചെറ്റക്കുടിലില്‍ കയറി നിരങ്ങിയായാലും അന്നന്നുവേണ്ട അപ്പം തട്ടിത്തെറിപ്പിച്ചായാലും അവരെ പിഴിഞ്ഞ് കിട്ടുന്ന നികുതികൊണ്ട് മൃഷ്ടാനം ഭോജിച്ച് രാജകീയ കസേരയിലിരുന്ന് ഭരണാധിപന്‍ എന്ന ആര്‍ത്തനാദത്തിനുടമയായി കാല്‍ചിലങ്കയണിയുന്നവരെ ഒന്നു ചോദിച്ചോട്ടെ. നക്ഷത്ര തിളക്കമുള്ളവര്‍ക്കെതിരെ ഒരു ചെറുവിരല്‍ ചൂണ്ടാന്‍ ധൈര്യപ്പെടുമോ നിങ്ങളെന്നെങ്കിലും?

വീടു വീടാന്തരം അല്ലെങ്കില്‍ ഓരോ പഞ്ചായത്തിലും അനുഭൂതി വിരിയിക്കുന്ന പത നിറഞ്ഞ വെള്ളം വില്‍ക്കുവാന്‍ നിങ്ങള്‍ തീരുമാനിക്കുന്നെങ്കില്‍ അതു നുരയുന്ന യൗവ്വന പ്രതിഭകള്‍ എന്റെ മാത്രം സന്തതിയല്ല. നിങ്ങളുടെ ഓരോരുത്തരുടെയും സന്തതിയെന്ന് ഒരു വേള ഓര്‍ക്കുന്നത് നന്നായിരിക്കും. 

യുവതലമുറയുടെ നാശം വിളിച്ചു വരുത്തല്ലേ. തിരിച്ചറിവ് നാശത്തിന് ശേഷമായിരിക്കും. നുരഞ്ഞ് അനുഭൂതി പകര്‍ത്തി മറ്റുള്ളവരുടെ സിരയിലോട്ട് ഒഴുക്കി വിടുമ്പോള്‍ ഒരു പക്ഷെ ഖജനാവ് നിറയ്ക്കാം. എന്നാല്‍ മിന്നുന്നതെല്ലാം പൊന്നല്ലയെന്ന് അറിയാന്‍ വൈകിയ ഒരു വിഡ്ഢിത്തമായി ജനങ്ങള്‍ ഇതിനെ വിശേഷിപ്പിക്കാതിരിക്കട്ടെ. മനസ്സ് മീഡിയ