ARTICLE

കഞ്ചാവ്  ലഹരിയുടെ പുകമറയ്ക്ക് പുറത്ത് പോലീസും എക്‌സൈസും മാള മേഖലയില്‍ നോക്കുകുത്തിയായി മാറുന്നു

ഇ.പി. രാജീവ്


മാള: കഞ്ചാവ്  ലഹരിയുടെ പുകമറയ്ക്ക് പുറത്ത് പോലീസും എക്‌സൈസും മാള മേഖലയില്‍ നോക്കുകുത്തിയായി മാറുന്നു. കഞ്ചാവ് മാഫിയയുടെ താവളമായി മാറിയ മാള മേഖല സുരക്ഷിത കേന്ദ്രമായാണ് അറിയപ്പെടുന്നത്. ചെറുകിട കഞ്ചാവ് വില്‍പ്പനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൊയ്യ പഞ്ചായത്തില്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ ഓട്ടോറിക്ഷ ഡ്രൈവറെ പട്ടാപ്പകല്‍ ആക്രമിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് മാള മേഖലയില്‍ നടക്കുന്നത്. കഞ്ചാവ് മാഫിയകളെ ഭയന്ന് പലരും പരാതി പറയാന്‍ മടിക്കുകയാണ്. മുന്‍പ് കഞ്ചാവ് കേസില്‍ പിടിയിലായവരെ  നിരീക്ഷിക്കാന്‍ പോലും പോലീസിനും എക്‌സൈസിനും കഴിയുന്നില്ല. പൊയ്യ പഞ്ചായത്ത് എക്‌സൈസിന്റെ അതിര്‍ത്തി പ്രദേശമായ കാരണം ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. പോലീസും എക്‌സൈസും കൃത്യമായ വിവരം ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പൂപ്പത്തിയില്‍ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ലഹരി വില്‍പനയെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. ഹാന്‍സ് പോലുള്ള ലഹരി വസ്തുക്കള്‍ സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കേന്ദ്രങ്ങള്‍ മാള മേഖലയില്‍ ഉണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. നേരത്തെ കേസില്‍ പിടിക്കപ്പെട്ടവര്‍ തന്നെ ഈ രംഗത്ത് കൂടുതല്‍ സജീവമാകാന്‍ ഇടയാക്കുന്നതാണ് പോലീസിന്റെയും എക്‌സൈസിന്റെയും മൃദു സമീപന നയം. വിദ്യാര്‍ത്ഥികളടക്കം കഞ്ചാവ് വാഹകരായി മാറുന്ന അവസ്ഥയാണ് കൂടുതല്‍ ആശങ്കക്കിടയാക്കുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയാല്‍ തന്നെ അതിന്റെ ഉറവിടം കണ്ടെത്താനുള്ള തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ല. കഞ്ചാവ് മാഫിയയുടെ വന്‍ വളര്‍ച്ച സമീപഭാവിയില്‍ മാള മേഖലയിലെ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. മനസ്സ് മീഡിയ