ARTICLE

കര്‍ക്കിടക ചികിത്സ ആയുര്‍വേദത്തിലൂടെ

ഡോ.റോസ്‌മേരി വിത്സണ്‍


സൂര്യന്‍ കര്‍ക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന കൊല്ലവര്‍ഷത്തിലെ പന്ത്രണ്ടാം മാസമായ കര്‍ക്കിടകത്തെ പഴമക്കാര്‍ വിശ്രമ കാലമായാണ് കണക്കാക്കിയിരുന്നത്. തിരുവാതിര ഞാറ്റുവേലയില്‍ കുതിര്‍ന്ന മണ്ണ് കര്‍ക്കിടകത്തില്‍ ഫല സമ്പുഷ്ടമാകുന്നു.സസ്യങ്ങള്‍ക്ക് പുതുവേരുകള്‍ ഉണ്ടാകുന്നു. ഇങ്ങനെയുള്ള കര്‍ക്കിടകത്തെ ഏറ്റവും അനുയോജ്യമായ ചികിത്സാ കാലമായാണ് ആയുര്‍വ്വേദ ആചാര്യന്മാര്‍ കണക്കാക്കുന്നത്. കൂടുതല്‍ കരുത്തോടും പ്രസരിപ്പോടും കൂടിയ തുടര്‍ ജീവനത്തിനായി ശരീരം ശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും യോജിച്ച സമയമാണിത്.

അഗ്‌നി ദീപ്തി വര്‍ദ്ധിപ്പിക്കുക, ആന്തരീകാവയവങ്ങള്‍ക്ക് ശുദ്ധി വരുത്തുക ഇതിലൂടെയുള്ള ശരീര മനസുകളുടെ പുനരുജ്ജീവനമാണ് കര്‍ക്കിടക ചികിത്സയുടെ കാതല്‍. ഇതോടൊപ്പം ചിട്ടയായ ഭക്ഷണ ക്രമത്തിനും പ്രാധാന്യമുണ്ട്. ലഘുവും മിതവുമായ ദഹിക്കാന്‍ പ്രയാസമില്ലാത്ത ഭക്ഷണമാണ് ഇക്കാലത്ത് ഉപയോഗിക്കേണ്ടത്. രോഗിയാണെങ്കിലും അല്ലെങ്കിലും ദഹന പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. വറുത്തതും പൊരിച്ചതും കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുള്ളതും ഒക്കെയായി കയ്യില്‍ കിട്ടുന്നതെന്തും കഴിക്കുന്ന ശീലം ഒഴിവാക്കണം.

പറിച്ചെടുക്കുന്നതിനുള്ള പ്രയാസവും പാചകത്തിന്റെ ദുര്‍ഗ്രാഹ്യതയും കര്‍ക്കിടക കഞ്ഞിയെ സാധാരണ ജനങ്ങളില്‍  നിന്ന് അകറ്റി. എന്നാല്‍ ഇതേ ഔഷധി കഞ്ഞി കൂട്ടുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. രാമച്ചം, ശതാവരി, ഓരില, മൂവില തുടങ്ങിയ 21 ഇനം പച്ചമരുന്നുകളും ജാതിയ്ക്ക, ജീരകം, വിഴാലരി, കക്കുംകായ തുടങ്ങിയ 13 ഇനം പൊടിമരുന്നുകളും തവിട് കളയാത്ത ഞവര അരിയും ഉലുവയും ആശാളിയും പ്രത്യേകം പായ്ക്ക് ചെയ്ത ഔഷധ കഞ്ഞി കിറ്റ് ഒരാള്‍ക്ക് ഏഴു ദിവസം കഴിക്കാവുന്ന രീതിയിലാണ് തയ്യാര്‍ ചെയ്യുന്നത്. ഇത് രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും നടുവേദന, കൈകാല്‍ കഴപ്പ്, മരവിപ്പ്, ക്ഷതം തുടങ്ങിയ വാത സംബന്ധമായ അസുഖങ്ങളുടെ ശമനത്തിനും അഗ്‌നിദീപ്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.

കര്‍ക്കിടകത്തില്‍ പ്രകൃതിക്ക് വരുന്ന വ്യതിയാനങ്ങള്‍ മനുഷ്യ ശരീരത്തിലും പ്രതിഫലിക്കും. ആ മാറ്റങ്ങളെ മനസിലാക്കി ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകളെ സമീകൃതാവസ്ഥയിലെത്തിക്കുന്നതിനുള്ള ചികിത്സകളാണ് കര്‍ക്കിടകത്തിലെ സുഖ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്. അഭ്യംഗം, വിവിധ ഇനം കിഴികള്‍, പിഴിച്ചല്‍, ശിരോധാര തുടങ്ങിയവയും സ്‌നേഹപാനം, വമനം, വിരേചനം, വസ്തി, നസ്യം എന്നിവയും സുഖ ചികിത്സയുടെ ഭാഗമായി ശരീരത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ചെയ്യാറുണ്ട്. ഈ ചികിത്സകളെല്ലാം തന്നെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെ അകറ്റാനും പുനരുജ്ജീവനത്തിനും സഹായകരമാണ്. വിവിധ ശാരീരിക മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ ചെയ്യുന്നതിന് ഏറ്റവും ഉത്തമമായ കാലമാണ് കര്‍ക്കിടകം. ഈ സമയത്ത് ചെയ്യുന്ന ചികിത്സകള്‍ വേഗം തന്നെ ഫലപ്രാപ്തി നല്‍കുന്നതാണ്.

മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയുന്നതാണ് ഇതിനുള്ള പ്രധാന കാരണം. തെറ്റായ ആഹാരരീതികള്‍, വ്യായാമക്കുറവ്, മാറിവരുന്ന ഋതുക്കള്‍ക്കനുസരണമല്ലാത്ത ജീവിതചര്യകള്‍ തുടങ്ങിയവ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയ്ക്കുന്ന ഘടകങ്ങളാണ്. അസുഖ ബാധിതനായ വ്യക്തിയുടെ പ്രായം, ശരീരബലം, ദഹനശക്തി, ആഹാരക്രമം, ജീവിതചര്യകള്‍ എന്നിവയും രോഗത്തിന്റെ വിവിധ അവസ്ഥകളും ലക്ഷണങ്ങളും പരിഗണിച്ച ശേഷമാണ് സാധാരണയായി ചികിത്സ വിധിക്കുന്നത്. അതുകൊണ്ട് വൈദ്യ നിര്‍ദേശപ്രകാരമുള്ള ചികിത്സകള്‍ സ്വീകരിക്കുന്നതാണ് ഉത്തമം. വിവിധയിനം പനികള്‍, ജലദോഷം, ചുമ, ശ്വാസം മുട്ടല്‍, ചര്‍മ്മ രോഗങ്ങള്‍, അലര്‍ജികള്‍, വിവിധ വാതരോഗങ്ങള്‍ തുടങ്ങി മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും ആയുര്‍വ്വേദ ശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്.

പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് എന്നും തുളസിയില ചവച്ച് കഴിയ്ക്കുന്നത് നല്ലതാണ്. മഞ്ഞള്‍, നെല്ലിക്ക, മാതളനാരങ്ങ, ചെറുപയര്‍, ഗോതമ്പ്, തേന്‍ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും വിരുദ്ധ ആഹാരങ്ങള്‍ ഒഴിവാക്കുകയും വേണം. ചുക്ക്, ജീരകം, തുളസിയില ഇവയിട്ട് വെന്ത വെള്ളം കുടിയ്ക്കാനുപയോഗിക്കാം. ഇത് കഫത്തിന്റെ ശല്യത്തെ ശമിപ്പിക്കും. തണുത്ത ഭക്ഷണം, പകലുറക്കം, തണുത്ത വെള്ളം ഇവ ഒഴിവാക്കണം. തണുത്ത കാറ്റടിച്ചുള്ള യാത്രകള്‍ ഒഴിവാക്കിയാല്‍ നല്ലതാണ്. മഴക്കാലത്ത് പൊതുവെ ഉണ്ടാകുന്ന വേദന, കടച്ചില്‍, മരവിപ്പ്, തൊലിക്കുള്ള രൂക്ഷത തുടങ്ങിയവയ്ക്ക് യോജിച്ച മരുന്നിട്ട് സംസ്‌കരിച്ച തൈലങ്ങളുടെ ഉപയോഗം നല്ലതാണ്. ഇങ്ങനെ അഭ്യംഗം ചെയ്തതിന് ശേഷം ആവി പിടിക്കുന്നതും വിയര്‍പ്പിക്കുന്നതും രോഗ ശമനത്തിന് ഉതകുന്നു.

ശരീര ബലം ഏറ്റവും കുറഞ്ഞിരിക്കുന്ന മഴക്കാലത്തെ ദേഹ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇതു മനസിലാക്കി ആയുര്‍വ്വേദ വിധിപ്രകാരം പ്രകൃതിക്കും, ശരീര പ്രകൃതിക്കും ഇണങ്ങുന്ന വിധത്തില്‍ അഗ്‌നിബലവും ശരീരബലവും രോഗ പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കാനുതകുന്ന ചര്യകളും ചികിത്സകളും സ്വീകരിക്കുന്നതാണ്. ഇക്കാലത്ത് പടര്‍ന്നു പിടിയ്ക്കുന്ന ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

ഡോ.റോസ്‌മേരി വിത്സണ്‍,

ചീഫ് ഫിസിഷ്യന്‍,

കെ.പി.പത്രോസ് വൈദ്യന്‍സ്  കണ്ടംകുളത്തി 

ആയുര്‍വ്വേദ ആശുപത്രി. 9946047100. മനസ്സ് മീഡിയ