ARTICLE

 

പ്രശസ്ത എഴുത്തുകാരന്‍  സണ്ണി ജോസഫ് എഴുതുന്നു

പ്രളയം  പഠിപ്പിച്ച പാഠങ്ങള്‍......

സണ്ണി ജോസഫ്,


ഒരു  മഹാപ്രളയത്തെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ട് നമ്മുടെ കൊച്ചു കേരളo നടത്തിയ

രക്ഷാപ്രവര്‍ത്തനങ്ങളും, ദുരിതാശ്വാസക്യാമ്പുകളും വികസിത രാജ്യങ്ങളെപ്പോലും

 

 

 വിസ്മയിപ്പിച്ചിരിക്കുന്നു.  അറബികടലിലേക്ക്  ഒഴുകിപ്പോകേണ്ടിയിരുന്ന

വിസ്തൃതിയാര്‍ന്ന കേരള ഗ്രാമങ്ങളെ  വലിയൊരു സ്‌നേഹകൂട്ടായ്!മയിലൂടെയാണ് നമ്മള്‍

തിരിച്ചു പിടിച്ചത്.  ദുരന്തത്തിന് ജാതിമതകക്ഷി ഭേദങ്ങളൊ, പണ്ഡിത പാമര

വ്യത്യാസങ്ങളൊ, കുചേല കുബേര ഭേദങ്ങളൊ ഇല്ലെന്ന് പഠിപ്പിച്ചുകൊണ്ട്

വിടവാങ്ങിയ പ്രളയം ഇനി വരാനൊന്നു  മടിക്കും.  ഇല്ലാത്തവനും  ഉള്ളവനും,

സ്ത്രീയും പുരുഷനും ഒരേ വെള്ളത്തില്‍ കിടന്ന്  ശ്വാസംമുട്ടി പിടച്ചപ്പോള്‍

പിടിവള്ളിയായി നീട്ടപ്പെട്ട കൈകള്‍ ശത്രുവിന്റെതാണോ, മിത്രത്തിന്റെതാണോ

എന്നൊന്നും ആരും നോക്കിയില്ല. രക്ഷപ്പെട്ടവര്‍ ഒരേ ഭക്ഷണം ഒരുമിച്ചിരുന്നു

കഴിച്ച്,  ഒരേ വെള്ളം കുടിച്ച്, ഒരേ വിരിപ്പില്‍ തല ചായ്ച്ചു. ബെന്‍സ് കാറും,

നാനോയും ഒരേ അഴുക്കുവെള്ളത്തില്‍ ഒഴുകിപ്പോയി. കുടിലിലേക്കും മണിമാളികയിലേക്കും

കടന്നു ചെന്നതും ഒരേ വെള്ളം തന്നെ.  മനുഷ്യ ഹൃദയങ്ങളിലെ നന്മയെ

പുറത്തുകൊണ്ടുവരാന്‍ ഈ ദുരന്തം സഹായിച്ചു എന്നതാണ് നമ്മള്‍ പഠിച്ച വലിയ പാഠo.

ന്യൂ ജനറേഷനെ അപ്പാടെ പുച്ഛിച്ചിരുന്നവര്‍ അവരുടെ അഭിപ്രായം

മാറ്റാന്‍ നിര്ബന്ധിതരായി. അവരിലുള്ള  നീതിബോധവും, ധാര്‍മ്മിക ചിന്തയും സഹജീവി

സ്‌നേഹവും മറനീക്കി പ്രളയം പുറത്തേക്ക് കൊണ്ടു വന്നു.സാമൂഹ്യ മാധ്യമങ്ങളെ

പുച്ഛിച്ചു തള്ളിയവര്‍ ദൃശ്യ ശ്രവ്യ മാധ്യമങ്ങളും, ടെലികമ്മ്യൂണിക്കേഷന്‍

ഉപാധികളും നിശ്ചമായപ്പോള്‍ ഫേസ് ബുക്കും, വാട്ട്‌സ് ആപ്പും ചെയ്ത സേവനങ്ങള്‍ കണ്ട്

മുഖം മറച്ചു. ജനങ്ങളുടെ മിഥ്യാധാരണകളെ അടിച്ചുതെളിച്ച്  ശുദ്ധികലശം

തെളിച്ചിട്ടാണ് പ്രളയം ഗുഡ് ബൈ പറഞ്ഞത്.

 

സമൂഹത്തിന്റെ അടിത്തട്ടിലും, തിരമാലകളുടെ മടിത്തട്ടിലും കളിച്ചു വളര്‍ന്ന

മത്സ്യത്തൊഴിലാളികളുടെ ത്യാഗസന്നദ്ധതയും, ധീരസാഹസികതയും കണ്ടറിയാന്‍  ഒരു പ്രളയം

വരേണ്ടിവന്നുവെന്നത്  മറ്റൊരു വസ്തുത. പഠിപ്പും പത്രാസും പ്രശസ്തിയും

ഇല്ലാത്ത സാധാരണക്കാരുടെ ആത്മാര്‍ത്ഥത കണ്ടിട്ട് ജലപ്പിശാച് മുത്തശ്ശി വാളും

ചുരുട്ടി തിരിഞ്ഞോടിയ കാഴ്ചയും നമ്മള്‍ കണ്ടു.

 

പ്രളയത്തിന്റെ ബാക്കിപത്രമായ പുനരധിവാസമാണ്  ഇനി വേണ്ടത്.  തകര്‍ന്നത്

പുനഃസ്ഥാപിക്കലല്ല പുതിയൊരു കേരളം പുനര്‍സൃഷ്ടിക്കലാണ് സര്‍ക്കാരിന്റെ

പരിപാടിയെന്ന് സംസ്ഥാന മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രളയാനന്തര

കേരളത്തില്‍ ജാതിമതഭക്തിയുടെ സാധ്യത വിഫലമാവുകയും മനുഷ്യശക്തിയിലുള്ള വിശ്വാസം

വര്‍ദ്ധിക്കുകയും ചെയ്തിട്ടുള്ളത് നല്ല കാര്യമാണ്. പരിസ്ഥിതി സംരക്ഷണം, പരിസര

ശുചീകരണം, മാലിന്യ നിര്‍മ്മാജനം, പ്ലാസ്റ്റിക് പുനരുപയോഗ സംവിധാനം തൊഴിലില്ലായ്മ

പരിഹരിക്കല്‍, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത എന്നിവക്കൊക്കെ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള

ഒരു നവകേരളമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

 

വാര്‍ദ്ധ്യക്യത്തില്‍ എത്തുന്നതിനുമുമ്പേ വിരമിക്കേണ്ടി വരുന്ന ആരോഗ്യദൃഢഗാത്രരായ

പതിനായിരക്കണക്കിന് പെന്‍ഷന്‍കാര്‍ ഇന്ന്  കേരളത്തിലുണ്ട്. അവരെ നവകേരള സൃഷ്ടിയില്‍

പങ്കാളികള്‍ ആക്കണം.കേരളത്തിന്റെ അന്തസ്സ് കുറയ്ക്കുന്ന രാഷ്ട്രീയ

കൊലപാതകങ്ങള്‍  ഇല്ലാതാക്കിക്കൊണ്ട്  വിശാലമായ ഒരു രാഷ്ട്രീയബോധം

വളര്‍ത്തിയെടുക്കാന്‍ ഓരോ പാര്‍ട്ടിക്കും കഴിയണം. കലാകാരന്മാര്‍ക്കും

എഴുത്തുകാര്‍ക്കും, ന്യൂ ജനറേഷന്‍ യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നവകേരള

നിര്‍മ്മിതിക്കായി ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമ്പൂതിരിയെ

മനുഷ്യരാക്കാനാണ് വി.ടി.ഭട്ടതിരിപ്പാട് ശ്രമിച്ചതെങ്കില്‍  ഉദ്യോഗസ്ഥരെ

മനുഷ്യരാക്കാനാണ് സര്‍ക്കാരും, ജനങ്ങളും  ശ്രമിക്കേണ്ടത്. നമ്മുടെ

നികുതിപ്പണത്തില്‍ നിന്നും നല്ലൊരു  പങ്ക്  വേതനമായി കൈപ്പറ്റുന്നവര്‍

അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ സേവിക്കേണ്ടവരാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം.

കൈക്കൂലി നികൃഷ്ടമായ ഒരു കുറ്റകൃത്യമാണെന്ന് കൈക്കൂലി കൊടുക്കുന്നവരും,

സ്വീകരിക്കുന്നവരും തിരിച്ചറിയണം.

 

നവകേരളം സൃഷ്ടിക്കുമ്പോള്‍ അത് മനോഹരമായിരിക്കണമെന്ന്  പ്രത്യേകം

പറയേണ്ടതില്ലല്ലോ. കേരളത്തിന്റെ മുഖമുദ്രയായ പച്ചപ്പ് നിലനിര്‍ത്തിക്കൊണ്ടാകണം

വികസനം. കേരളീയ വാസ്തുവിദ്യയില്‍ പണിതീര്‍ത്ത വീടുകളുടെ ഭംഗി കോണ്‍ക്രീറ്റ്

സൗധങ്ങള്‍ക്ക് കിട്ടില്ലെന്നറിയുക.  കേരളത്തിനൊരു പുതിയ ആകാശം  പുതിയ ഭൂമിയും

അതായിരിക്കട്ടെ നവകേരള നിര്‍മ്മിതിയുടെ മുദ്രാവാക്യം.

 

സണ്ണി ജോസഫ്,