ARTICLE

പ്രശസ്ത എഴുത്തുകാരന്‍ സണ്ണി ജോസഫ് എഴുതുന്നു......,ക്ലിനിക്കല്‍ ലാബുകളിലെ ചാത്തന്മാരെ സൂക്ഷിക്കുക....

സണ്ണി ജോസഫ്


പണ്ടൊക്കെ ഡോക്ടര്‍മാര്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചും, ബോഡിയില്‍ തൊട്ടും,

വായും, കണ്ണുകളും തുറന്നു നോക്കിയും, സ്റ്റെതസ്‌ക്കോപ്പ് വെച്ചുമൊക്കെയാണ്

രോഗനിര്‍ണ്ണയം നടത്തിയിരുന്നതെങ്കില്‍ ഇന്നത്തെ സ്ഥിതി അതല്ല. കാല്‍നഖം മുതല്‍

തലമുടിത്തുമ്പുവരെയുള്ള  ശരീര ഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം

സ്‌പെഷലൈസേഷനുകളുമായി വൈദ്യശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കേ കൂടുതല്‍

കൃത്യതയ്ക്കുവേണ്ടി ഡോക്ടര്‍മാര്‍ വിവിധതരം ടെസ്റ്റുകളെ ആശ്രയിക്കുന്നു.

ടെസ്റ്റുകള്‍ വര്‍ദ്ധിച്ചപ്പോള്‍ കൂണുകള്‍ പോലെ ക്ലിനിക്കല്‍ ലബോറട്ടറികളും

മുളച്ചു പൊങ്ങാന്‍ തുടങ്ങി. അത്തരം ലാബുകളില്‍ നടത്തുന്ന ടെസ്റ്റുകളുടെ

ആധികാരിതയും, കൃത്യതയും അറിയാതെ ഡോക്ടര്‍മാര്‍ ആവിശ്യമുള്ളതും അല്ലാത്തതുമായ

മരുന്നുകള്‍ കുറിയ്ക്കാന്‍ നിര്‍ബന്ധിതരായി. അങ്ങനെ ഫാര്‍മസ്യൂട്ടിക്കല്‍

കമ്പനികള്‍ ജനങ്ങളുടെ രക്തം കുടിച്ച് പോത്തട്ടകള്‍ പോലെ

വീര്‍ത്തുകൊണ്ടിരിക്കുന്നു. വ്യവസായങ്ങളില്‍ വെച്ചേറ്റവും കൂടുതല്‍ ലാഭം

കിട്ടുന്ന ഒന്നായി  ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍

വളര്‍ന്നുകൊണ്ടിരിക്കുന്നു. ആര്‍തര്‍ ഹെയ്‌ലിയുടെ 'Strong Medicine'  എന്ന

നോവല്‍ വായിച്ചാല്‍ അറിയാം ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍

നടക്കുന്നതെന്താണെന്ന്.

 

ഡോക്റ്റര്‍മാര്‍ ടെസ്റ്റിനെഴുതിയാല്‍ അപൂര്‍വ്വം ചിലര്‍മാത്രം രണ്ടോ മൂന്നോ

ലാബുകളില്‍ ടെസ്റ്റുകള്‍ നടത്തി അതിലെ അന്തരം കണ്ടറിയാറുണ്ട്. അവരാണ്

ലാബുകളില്‍ ചാത്തന്‍മാരുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത്. അവരില്‍

ഒരാളായ  എന്റെ  അനുഭവo  താഴെ കുറിയ്ക്കുന്നു. ഒരുപക്ഷേ നിങ്ങള്‍ക്കിത്

പ്രയോജനപെട്ടേക്കാം.

 

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രക്തപരിശോധനക്കായി ഞാനൊരു ലാബില്‍ ചെന്നു.  ആ

സ്‌പെഷല്‍ ടെസ്റ്റ് അവിടെ നടത്താറുണ്ടെന്ന ഉറപ്പ് ലഭിച്ചതിനുശേഷമാണ് രക്തം

നല്‍കിയതെങ്കിലും അവരെന്നെ കബളിപ്പിക്കുകയായിരുന്നു. എന്റെ രക്ത സാമ്പിള്‍

ടെസ്റ്റ് ചെയ്യാനുള്ള ഉപകരണങ്ങള്‍ അവിടെ ഇല്ലാത്തതുകൊണ്ടായിരിക്കാം തൃശൂരിലെ

ഏതോ പ്രശസ്ത ലാബിലേക്ക് അവരത്  അയച്ചുകൊടുത്തുവെന്ന് പിന്നീട് മനസ്സിലായി.

ടെസ്റ്റിന്റെ ചാര്‍ജ്ജായി 1,000 രൂപ മുന്‍കൂര്‍ വാങ്ങിച്ചിരുന്നു. അന്ന്

വൈകീട്ട് റിസള്‍ട്ട് തരാമെന്നു പറഞ്ഞിരുന്നുവെങ്കിലും ഓരോരോ കാരണങ്ങള്‍

പറഞ്ഞ് രണ്ടു ദിവസം വൈകിപ്പിച്ചു. ഒടുവില്‍ റിസള്‍ട്ട് കിട്ടിയപ്പോള്‍

റഫറന്‍സ് റെയ്ഞ്ചില്‍ കൊടുത്തിരിക്കുന്ന മിനിമത്തിന്റെ നാലില്‍ ഒന്നു

മാത്രം.  ഞാനത് ഉടനെ വാട്ട്‌സ്  ആപ്പില്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക്

അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം എത്രയും വേഗം അവരുടെ എന്‍ഡോട്രിനോളജി

ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണാന്‍

നിര്‍ദ്ദേശിച്ചു. രക്തത്തില്‍ ഇത്ര കുഴപ്പമുണ്ടെങ്കില്‍ എനിക്ക് നല്ല ക്ഷീണം

ഉണ്ടാകേണ്ടതല്ലേ എന്ന സംശയത്തില്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ ചികഞ്ഞു. അതില്‍

കൊടുത്തിരിക്കുന്ന റഫറന്‍സ് റെയ്ഞ്ചു പ്രകാരം റിസള്‍ട്ട് നോര്‍മ്മല്‍ ആണെന്ന്

മനസ്സിലായായെങ്കിലും ഇന്റര്‍നെറ്റിനെ കണ്ണടച്ചു വിശ്വസിക്കാന്‍ എനിക്കായില്ല.

ഇക്കാര്യങ്ങളൊക്കെ ഞാന്‍ ലാബ് ഇന്‍ ചാര്‍ജുമായി സംസാരിപ്പോള്‍  അയാള്‍

തൃശൂരില്‍ നിന്നുള്ള ഒറിജിനല്‍ ലാബ് റിപ്പോര്‍ട്ടെടുത്ത് സൂക്ഷ്മ നിരീക്ഷണം

നടത്തിയതോടെ കള്ളകളി പുറത്തായി. ഒറിജിനല്‍ ടെസ്റ്റ് റിപ്പോര്‍ട്ട്  അവരുടെ

ലെറ്റര്‍ പാഡിലേക്ക്  പകര്‍ത്തിയപ്പോള്‍ വന്ന തെറ്റാണ് പ്രശ്‌നമായത്. എത്ര

അശ്രദ്ധയോടെയാണ് ഇത്തരം ലാബുകള്‍ ഒരാളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം

ചെയ്യുന്നതെന്ന് നോക്കൂ. ഒരുപക്ഷേ  ഈ റിപ്പോര്‍ട്ടും കൊണ്ട് ഞാന്‍ അകലെയുള്ള

എന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്തേക്ക് പോയിരുന്നെങ്കില്‍ പ്രശ്‌നം എത്ര

സങ്കീര്‍ണ്ണമായേനെ.  എനിക്കാവിശ്യമില്ലാത്ത എന്തെല്ലാം വിലകൂടിയ  മരുന്നുകള്‍

അദ്ദേഹം നിര്‍ദ്ദേശിക്കുമായിരുന്നു.

 

ഇതൊന്നും അറിയാതെ പലരും ഒരു ലാബില്‍ മാത്രം പോയി ടെസ്റ്റ് നടത്തി ഇല്ലാത്ത

രോഗങ്ങള്‍ക്ക് ചികിത്സ തേടി വഞ്ചിക്കപ്പെടുകയാണ്. ആവിശ്യമില്ലാത്ത മരുന്നുകള്‍

വാരിത്തിന്ന് രോഗം സങ്കീര്‍ണ്ണമാക്കുകയാണ്. ചികിത്സകന്‍ എത്ര

പ്രഗല്‍ഭനായിട്ടുo കാര്യമില്ല. ടെസ്റ്റുകളും കൃത്യമായിരിക്കണം. അല്ലെങ്കില്‍

മരുന്നുകള്‍ കഴിച്ച് കിഡ്‌നിയും, കരളും  തകരാറിലായേക്കാം. സംസ്ഥാനത്ത്

പ്രവര്‍ത്തിക്കുന്ന നല്ലൊരു ശതമാനം ലാബുകളിലും വേണ്ടത്ര യോഗ്യതയില്ലാത്ത

ടെക്‌നീഷന്‍മാരാണ് ജോലി ചെയ്യുന്നതെന്നും, അന്വേഷണം വേണമെന്നും കുറച്ചുകാലം

മുമ്പ്  ഹൈക്കോര്‍ട്ട് സര്‍ക്കാരിനോട് ആവിശ്യപ്പെടുകയുണ്ടായി.

 

ലാബുകളുടെ ആധികാരിതയും, കൃത്യതയും നിരീക്ഷിക്കാനും നിശ്ചയിക്കാനും

ആരോഗ്യവകുപ്പ് നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു. ടെസ്റ്റ് ചാര്‍ജുകള്‍

ഹീലിയം നിറച്ച ബലൂണുകള്‍ പോലെ ഉയര്‍ന്നു പൊയ് ക്കൊണ്ടിരിക്കുമ്പോള്‍

രോഗികള്‍ക്ക് കൃത്യതയാര്‍ന്ന റിസള്‍ട്ട് നല്‍കാന്‍ ലാബുകള്‍ ബാധ്യസ്ഥരല്ലേ...?

അതോ പതമുള്ളിടത്ത് പാതാളം എന്ന മട്ടില്‍ ജനത്തെ അപ്പാടെ വിഴുങ്ങുന്നതാണോ ശരി

?

 

സവിനയം,

സണ്ണി ജോസഫ്, മാള.